ഗാന്ധിനഗർ: പഠനം തുടരണമെന്നും ആവശ്യമായ സഹായം ഞങ്ങൾ ചെയ്തു തരാമെന്നും നീനുവിന്റെ സഹപാഠികൾ. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിനെ ആശ്വസിപ്പിക്കാനായി ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയ സഹപാഠികളാണ് നീനുവിനെ ഇക്കാര്യം അറിയിച്ചത്.
പഠനം പൂർത്തീകരിക്കുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്നു കെവിന്റെ പിതാവ് ജോസഫും നീനുവിന്റെ സഹപാഠികളോടു പറഞ്ഞു. ഇതിനിടയിൽ കെവിനോടൊപ്പം, തട്ടിക്കൊണ്ടു പോയ മാന്നാനം സ്വദേശിയും കെവിന്റെ ബന്ധുവുമായ അനീഷ് ഇന്നലെ വീണ്ടും മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തി.
വലതു കണ്ണിന് ശക്തമായ വേദനയും, കാഴ്ചയ്ക്ക് ബുദ്ധിമുട്ടും നേരിട്ടതിനെ തുടർന്നാണ് നേത്രരോഗ വിഭാഗത്തിലെത്തിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിദഗ്ധ പരിശോധനയ്ക്കായി അടുത്ത ദിവസം എത്തിച്ചേരണമെന്നു നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.