തെന്മല: നീനുവിന്റെ മാതാപിതാക്കളുടേതും സഹോദരന്റേതും പ്രണയവിവാഹമായിരുന്നു. തെന്മല ഒറ്റക്കൽ സാനുഭവനിൽ നീനുവിന്റെ പിതാവ് ക്രിസ്തുമത വിശ്വാസിയും മാതാവ് ഇസ്ലാം മതവിശ്വാസിയുമായിരുന്നു. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്.
കെവിൻ പി. ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ മുഖ്യപങ്ക് വഹിച്ചെന്നു കരുതുന്ന സഹോദരൻ ഷൈനുവിന്റെയും പ്രണയവിവാഹമാണ്. വിവാഹത്തെ തുടർന്ന് നാട്ടില്‍ നിൽക്കാനാവാതെ വന്നതോടെ തിരുവനന്തപുരത്താണ് ഇയാളുടെ താമസം.
കെവിനും നീനുവും തമ്മിലുള്ള പ്രണയത്തെ ഇവർ ശക്തമായി എതിർത്തിരുന്നു. മാതാപിതാക്കൾക്കും സഹോദരനും പ്രണയവിവാഹം ചെയ്യുന്നതിൽ കുഴപ്പമില്ലെങ്കിൽ തനിക്ക് ഇതിന് സ്വാതന്ത്ര്യമില്ലേയെന്നു നീനു ചോദിച്ചിരുന്നതായി അടുത്ത സുഹൃത്തുക്കൾ പറഞ്ഞു.