കഴിഞ്ഞ വര്‍ഷം കേരളത്തെ ഞെട്ടിച്ച ഒരു സംഭവമാണ് കെവിന് വധക്കേസ്. ദുരഭിമാനക്കൊലയുടെ കേരളത്തില്‍ നിന്നുള്ള ഇരകളായി മാറിയ കെവിനും നീനുവും ഒരു വിങ്ങലായി ഇപ്പോഴും മലയാളികളുടെ മനസില്‍ അവശേഷിക്കുകയാണ്. കെവിനെ നഷ്ടപ്പെട്ടെങ്കിലും നീനു ഉള്‍പ്പെടെയുള്ള കെവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് ഏവരും ആഗ്രഹിച്ചിരുന്നതും. എന്നാല്‍ കെവിന് വധക്കേസില്‍ ആരോപണവിധേയനായി സര്‍വീസില്‍ നിന്ന് പുറത്താക്കിയ എസ്. ഐ. ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തതറിഞ്ഞ കെവിന്റെ ഭാര്യ നീനു ചോദിച്ച ചോദ്യം ഏവരുടെയും കണ്ണ് നനയിക്കുന്നതാണ്.
‘ഇതാണോ ഞങ്ങള്‍ക്കു കാത്തു വച്ചിരുന്ന നീതി’ എന്നാണ് കെവിന്റെ ഭാര്യ നീനു ചോദിച്ചത്. ‘എല്ലാവരും പറഞ്ഞു, നീതി തരാമെന്ന്, കെവിന് ചേട്ടന്റെ മരണത്തിനു കാരണക്കാരനായ എസ്.ഐ വീണ്ടും പോലീസില്‍ എത്തുന്നു, ഇതാണോ നീതി. തന്നെ ബലമായി വീട്ടുകാര്‍ക്ക് പിടിച്ചുകൊണ്ടു പോകാന്‍ അനുവാദം കൊടുത്തത് ഈ ഉദ്യോഗസ്ഥനാണ്.
പ്രായപൂര്‍ത്തിയായ ഞങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ നിയമസഹായം ചെയ്യേണ്ട ഉദ്യോഗസ്ഥനാണ് തന്റെ വീട്ടുകാര്‍ക്കൊപ്പം നിന്നത്. ഒടുവില്‍ കെവിന് ചേട്ടനെ എന്നെന്നേക്കുമായി ഇല്ലാതാക്കി. മജിസ്ട്രേറ്റിന് മൊഴി നല്കിയപ്പോഴും കോടതിയില്‍ മൊഴി കൊടുത്തപ്പോഴും താന്‍ പറഞ്ഞതാണ് ഈ ഉദ്യോഗസ്ഥന് ചെയ്ത ക്രൂരത. അന്ന് ഇയാളെ പുറത്താക്കിയപ്പോള്‍ ഏറെ സന്തോഷിച്ചിരുന്നു. ഇങ്ങനെ തരംതാഴ്ത്തി തിരിച്ചെടുക്കാനാണെങ്കില്‍ എന്തിനാ പുറത്താക്കിയത്’ തകര്‍ന്ന മനസോടെ നീനു മാധ്യമങ്ങളോടു പറഞ്ഞു.
കെവിന് കേസ് അന്വേഷണത്തില്‍ കൃത്യവിലോപം കാട്ടിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ എസ്.ഐ. എം.എസ്. ഷിബുവിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവും ശക്തമാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവരും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും തീരുമാനത്തിനെതിരെ രംഗത്തുവന്നു.