കോട്ടയം: കെവിൻ വധക്കേസിൽ നീനുവിന്റെ അമ്മ രഹ്നയെ ഒഴിവാക്കിയതിനെതിരേ മകൾ നീനു. കെവിനെ കൊലപ്പെടുത്തിയതിൽ രഹ്നയ്ക്ക് മുഖ്യപങ്കുണ്ടെന്നാണ് നീനുവിന്റെ വെളിപ്പെടുത്തൽ. അമ്മ അറിയാതെ ഒന്നും നടക്കില്ലെന്നാണ് നീനു മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിന്റെ മൊഴിയിലും രഹ്നയുടെ പങ്കിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
കെവിനെയും അനീഷിനെയും രണ്ടു വണ്ടികളിലാണ് പ്രതികൾ തട്ടിക്കൊണ്ടു പോയത്. അനീഷിന്റെ വണ്ടിയിൽ ഉണ്ടായിരുന്ന പ്രതികളിൽ ഒരാൾ രഹ്നയുമായി സംസാരിക്കുന്നത് കേട്ടതായി അനീഷ് പോലീസിന് മൊഴി നല്കിയിട്ടുണ്ട്. അവനെ കൊന്നുകളയാൻ രഹ്ന നിർദേശം നല്കിയതായി അനീഷിന് മനസിലായി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതാണ്. എന്നിട്ടും രഹ്നയെ ഇതുവരെ കേസിൽ പ്രതിയാക്കിയിട്ടില്ല.
കേസിൽ രഹ്നയ്ക്ക് പങ്കില്ലെന്നാണ് ഇപ്പോഴും പോലീസ് പറയുന്നത്. കെവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നാലെ നീനുവിന്റെ പിതാവ് ചാക്കോയും ഭാര്യ രഹ്നയും ഒരുമിച്ചാണ് വീടുവിട്ടത്. ഇവർ ഒരുമിച്ചാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ചാക്കോ കേസിൽ പ്രതിയായിട്ടും രഹ്നയെ എന്താണ് കേസിൽ ഉൾപ്പെടുത്താത്തതെന്നത് ഇപ്പോഴും അജ്ഞാതം.
കെവിനെ തട്ടിക്കൊണ്ടുപോയതിന്റെ തലേന്ന് രഹ്ന മാന്നാനത്തെത്തി കെവിനെ ഭീഷണിപ്പെടുത്തിയതായി നീനു ആരോപിക്കുന്നു. കേസിലെ പ്രതികളിൽ ഒരാളായ നിയാസിനൊപ്പമാണ് രഹ്ന മാന്നാനത്ത് എത്തിയത്. ഇതിൽ നിന്ന് രഹ്നയാണ് ശരിക്കും തട്ടിക്കൊണ്ടുപോകലിനുള്ള എല്ലാ തന്ത്രങ്ങളും മെനഞ്ഞതെന്നു തന്നെയാണ് കരുതുന്നത്. ഗൂഢാലോചനയിലെ പ്രധാനിയായിട്ടും രഹ്നനയെ കേസിൽ ഉൾപ്പെടുത്താതെ പോലീസിന്റെ ഒളിച്ചുകളി ഇപ്പോഴും തുടരുകയാണ്.