കോട്ടയം: കെവിന്‍ കൊലപാതകക്കേസിലെ പ്രതി ചാക്കോയുടെ വാക്കുകള്‍ പൊളിച്ചടുക്കി കെവിന്റെ ഭാര്യയും ചാക്കോയുടെ മകളുമായ നീനു. തനിക്കു മാനസികപ്രശ്‌നമുണ്ട് എന്നു വരുത്തി കെവിന്റെ വീട്ടില്‍ നിന്നു പുറത്താക്കാനാണു തന്റെ അച്ഛന്‍ ശ്രമിക്കുന്നത് എന്നു നീനു തുറന്നു പറഞ്ഞു.
ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ചതാണ്. കെവിന്റെ മാതാപിതാക്കള്‍ പറയും വരെ ഇവിടെ തുടരുമെന്ന് നീനു വ്യക്തമാക്കി.
പണ്ടു തന്നെ കൗണ്‍സിലിംഗിന് കൊണ്ടു പോയിട്ടുണ്ട്. അന്നു ഡോക്ടര്‍ പറഞ്ഞതു മാതാപിതാക്കള്‍ക്കു ചികിത്സ വേണം എന്നാണെന്നും നീനു പറയുന്നു. സ്വന്തം വീട്ടില്‍ കുട്ടിക്കാലം മുതല്‍ ക്രൂരമര്‍ദ്ദനവും മാനസീക പീഡനവുമാണു നേരിടേണ്ടി വന്നത്.
കെവിനെ ഇല്ലാതാക്കാനുള്ള ഗുഢലോചനയില്‍ തന്റെ അമ്മയ്ക്കും പങ്കുണ്ട്. കെവിന്റെ വീട്ടില്‍ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കുമെന്നും സ്വന്തം വീട്ടിലേയ്ക്കു തിരിച്ചുപോകില്ല എന്നും നീനു തറപ്പിച്ചു പറയുന്നു.