കോട്ടയം: കെവിന് കൊലപാതകക്കേസില്‍ പ്രതികളിലൊരാളയ നീനുവിന്റെ മാതാവ് രഹ്നയെവിടെയെന്നറിയാതെ നട്ടംതിരിഞ്ഞ് പോലീസ്. ഇവര്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ സാധ്യതയുള്ളതിനാല്‍ ഏതുവിധേനയും ജാമ്യം നേടും മുമ്പ് ഇവരെ പിടിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. ഗൂഢാലോചനയില്‍ ഇവര്‍ പങ്കാളിയാണെന്നാണ് വിവരം.
കേസിലെ മുഖ്യപ്രതിയായ സാനുവും ചാക്കോയും സംഭവം നടന്നതിനു പിന്നാലെ രഹ്നയെ ഭദ്രമായ സ്ഥലത്തെത്തിച്ചുവെന്നാണു പൊലീസിന്റെ നിഗമനം. തെന്മലയിലെ വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ചയാണു രഹ്നയെ അവസാനമായി കണ്ടത്.
രഹ്ന നിരീക്ഷണത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഐജി വിജയ് സാക്കറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസില്‍ രഹ്ന പ്രതിയാണോയെന്നു പൊലീസ് ഇതുവരെ വ്യക്തമായിട്ടില്ല. അതിനിടെ, കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഫോണിലൂടെ അറിയിച്ചുവെന്ന കേസിലെ രണ്ടാം പ്രതി നിയാസിന്റെ മൊഴി നീനു തള്ളി.
തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞതു പൊലീസ് സ്റ്റേഷനിലെത്തിയശേഷമെന്നും നീനു മൊഴി നല്കി. നീനു വിളിച്ചപ്പോള്‍ കെവിന് രക്ഷപ്പെട്ട വിവരം അറിയിച്ചുവെന്നാണു നിയാസ് അന്വേഷണ സംഘത്തോടു പറഞ്ഞത്.
പൊലീസ് സ്റ്റേഷനിലെത്തിയശേഷം അനീഷിന്റെ ഫോണില്‍നിന്നാണു നീനു നിയാസിനെ വിളിച്ചത്. വീട്ടിലേക്കു മടങ്ങാന്‍ തയാറാണെന്നും കെവിനെ വിട്ടയക്കണമെന്നും അനീഷിന്റെ നിര്‍ദേശപ്രകാരം നീനു നിയാസിനെ അറിയിച്ചു.
എന്നാല്‍ ലാഘവത്തോടെയാണു നിയാസ് മറുപടി നല്‍കിയതെന്നും നീനു മൊഴി നല്കി. കെവിന്റേതു ദുരഭിമാനക്കൊലയാണെന്നും നീനു മൊഴി നല്‍കിയിട്ടുണ്ട്. കെവിന്റെ സാമ്പത്തിക ചുറ്റുപാടും ജാതിയുമാണ് എതിര്‍പ്പിനു കാരണമായതെന്നും കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണു മൊഴി.