കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്റെ മാതാവ് രഹ് ന കുറ്റവിമുക്തയായേക്കുമെന്ന് സൂചന. കൊലപാതകത്തിലേക്ക നയിച്ച ഗൂഢാലോചനയിലോ തുടര്‍ സംഭവങ്ങളിലോ രഹ് നയ്ക്ക് യാതൊരു പങ്കുമില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം എന്ന സൂചനയാണ് ലഭിക്കുന്നത്.
തന്റെ ജീവിതത്തിലുണ്ടായ ദുരനുഭങ്ങള്‍ക്കു കാരണം വീട്ടിലെ അന്തരീക്ഷമാണെന്നും അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും സ്‌നേഹം അനുഭവിച്ചിട്ടില്ലെന്നും നീനു പറയുന്നു. ‘മാതാപിതാക്കള്‍ തമ്മില്‍ കലഹം പതിവായിരുന്നു. ആ അന്തരീക്ഷത്തില്‍ നിന്നു രക്ഷതേടിയാണ് കോട്ടയത്ത് പഠിക്കാനെത്തിയത്. അമ്മയ്ക്ക് പപ്പായുടെ വീട്ടുകാരോട് ഇന്നും കടുത്ത ശത്രുതയാണ്. എന്നിട്ടും വല്യമ്മച്ചിയും അപ്പച്ചനും ഞങ്ങളെ വലിയ സ്‌നേഹത്തോടെ വളര്‍ത്തി. അമ്മയുടെ കണ്ണുവെട്ടിച്ച് പാത്തും പതുങ്ങിയുമാണ് വല്യമ്മച്ചിയെ ഞാന്‍ പോയി കാണുന്നതും മിണ്ടുന്നതും’. നീനു പറയുന്നു.
മാതാപിതാക്കള്‍ ഗള്‍ഫിലായിരുന്നപ്പോള്‍ കുട്ടികള്‍ ചാക്കോയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ആറേഴുവര്‍ഷം കഴിഞ്ഞ് രഹന നാട്ടില്‍ തിരിച്ചെത്തിയശേഷമാണ് കുട്ടികള്‍ അവര്‍ക്കൊപ്പം താമസമാക്കിയത്. ഈ സമയത്ത് താന്‍ ആറാം ക്ലാസിലായിരുന്നെന്നും എന്തു ചെറിയ കാര്യത്തിനും മര്‍ദ്ദിക്കുമായിരുന്നെന്നും നീനു പറയുന്നു. കെവിനെ കൊലപ്പെടുത്തിയതിന്റെ പിന്നില്‍ അമ്മയുടെ കൈകളുണ്ടെന്ന് നീനു പറയാനുള്ള കാരണമിതൊക്കെയായിരുന്നു. എന്നാല്‍ പോലീസ് ഇതൊന്നും കാര്യമായെടുക്കുന്നില്ല.
രഹ് നയെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടല്‍ നടക്കുന്നുണ്ടെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍. ചാക്കോയും ഷാനുവും നിയാസും തമ്മില്‍ നടത്തിയ സംഭാഷണങ്ങള്‍ ഇവര്‍ കേട്ടിട്ടില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. ഇതിന്റെ ചുവടു പിടിച്ച് ഇവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്. രഹ്നയെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കാന്‍ പോലീസ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഈ വിവരം പുറത്തുവന്നതിനു തൊട്ടുപിന്നാലെ ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചുവെന്നും വാര്‍ത്തകള്‍ വന്നു.
ഇവരെ ഇനിയും കണ്ടെത്താനായിട്ടില്ലയെന്നത് പോലീസിന് കനത്ത തിരിച്ചടിയാണ്. നീനുവിനെ പിടിച്ചുകൊണ്ടുവരാന്‍ ഷാനുവിനെ വിദേശത്തു നിന്നും വിളിച്ചു വരുത്തിയതും കെവിന്റെ താമസസ്ഥലം പ്രതികള്‍ക്ക് കാട്ടിക്കൊടുത്തതും രഹ്നയാണെന്നുമാണ് പ്രധാന ആരോപണം. കെവിന്റെ ആന്തരാവയവങ്ങളിലെ രാസപരിശോധനാ ഫലം കൂടി വെളിയില്‍ വന്നതിനു ശേഷം മാത്രമേ കേസില്‍ പരിശോധന ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവുകയുള്ളൂ.