തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സിലെ അത്ലറ്റിക്സ് മത്സരത്തില്‍ ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി സ്വര്‍ണമെഡല്‍ നേടിയ നീരജ് ചോപ്രയെ നിയമസഭ അഭിനന്ദിച്ചു. പുരുഷവിഭാഗം ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ എറിഞ്ഞാണ് നീരജ് ചോപ്ര ഇന്ത്യക്ക് അഭിമാനകരമായ വിജയം സമ്മാനിച്ചത്.
അഭിനവ് ബിന്ദ്രക്കു ശേഷം ഇന്ത്യ വ്യക്തിഗത ഇനങ്ങളില്‍ നേടുന്ന സ്വര്‍ണമെഡല്‍ കൂടിയാണിത്.രാജ്യത്തിന് അഭിമാനകരമായ വിജയം സമ്മാനിച്ച നീരജ് ചോപ്രയെ സഭ അഭിനന്ദിക്കുന്നതായും ആധുനിക ഒളിമ്പിക്സില്‍ ഇന്ത്യ നേടുന്ന ആദ്യത്തെ അത്ലറ്റിക്സ് സ്വര്‍ണമെഡല്‍ എന്ന നിലയില്‍ എത്രയോ തലമുറകളുടെ സ്വപ്നമാണ് നീരജ് ടോക്കിയോയില്‍ സാക്ഷാത്കരിച്ചതെന്നും സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു.
ഒളിമ്പിക്സിലെ പുരുഷവിഭാഗം 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ ബജ്രംഗ് പുനിയയേയും സഭ അഭിനന്ദിച്ചു.കൂടാതെ ടോക്കിയോ ഒളിമ്പിക്സില്‍ രാജ്യത്തിന് വേണ്ടി മികച്ച വിജയങ്ങള്‍ നേടിയ എല്ലാ കായിക താരങ്ങളെയും സഭ അഭിനന്ദിച്ചു.