ദോഹ: ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ 88.67 മീറ്റർ ദൂരമെറിഞ്ഞ് ഇന്ത്യയുടെ ഒളിംപിക് ചാന്പ്യൻ നീരജ് ചോപ്ര ഒന്നാമതെത്തി. വന്പന്മാർ നിരന്ന പോരാട്ടത്തിൽ ആദ്യ അവസരത്തിൽ തന്നെ ജയിക്കാനുള്ളത് നീരജ് എറിഞ്ഞെടുത്തു. പക്ഷെ 90 മീറ്ററെന്ന ലക്ഷ്യം തൊടാനായില്ല.
ടോക്കിയോയിൽ വെള്ളി നേടിയ ചെക്ക് താരം യാക്കുബിനാണ് (88.63 മീറ്റർ) രണ്ടാം സ്ഥാനം. മുൻ ലോകചാന്പ്യൻ ആൻഡേഴ്സൻ പീറ്റേഴ്സന് ഇത്തവണ വെല്ലുവിളിയുയർത്താനായില്ല. 85.88 മീറ്ററോടെയാണ് ആൻഡേഴ്സൻ മൂന്നാമതെത്തിയത്.
അതേസമയം ട്രിപ്പിൾ ജംപിൽ മത്സരിച്ച കോമൺവെൽത്ത് ഗെയിംസ് ചാംപ്യൻ എൽദോസ് പോളിന് പത്താം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു.
ഈ മാസം 28ന് മൊറോക്കോയിലാണ് സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് പോരാട്ടം. ജൂണിൽ ലുസൈൻ ഡയമണ്ട് ലീഗിലാകും നീരജ് ഇനിയിറങ്ങുക.
ലോക അത്ലറ്റിക്സിന്റെ പുതിയ സീസണ് ദോഹ ഡയമണ്ട് ലീഗിന് ഇന്നലെയാണ് സുഹെയിം ബിൻ ഹമദ് സ്റ്റേഡിയത്തില്‍ തുടക്കമായത്. ഇന്ത്യൻ സമയം ഇന്നലെ രാത്രി 10.14നായിരുന്നു ഖത്തര്‍ സ്പോര്‍ട് ക്ലബിൽ നീരജിന്റെ മത്സരം.