മുംബൈ: ലോകത്തിലെ ഏറ്റവും വലിയ കായികപുരസ്കാരമായ ലോറസ് അവാർഡിനായുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യയുടെ ഒളിന്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര. ലോറസിന്റെ ‘വേൾഡ് ബ്രേക്ക്ത്രൂ ഓഫ് ദ ഇയർ 2022’ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിലാണ് നീരജ് ചോപ്ര ഇടംപിടിച്ചത്.
2020 ടോക്കിയോ ഒളിന്പിക്സിൽ ജാവനിൽ ത്രോയിലൂടെ നീരജ് സ്വർണം നേടിയിരുന്നു. ഇന്ത്യക്കു വേണ്ടി ഒളിന്പിക്സ് അത്ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ താരം എന്ന റിക്കാർഡും അതോടെ നീരജ് സ്വന്തമാക്കി. 87.58 മീറ്റർ ദൂരം കണ്ടെത്തിയാണ് ഇരുപത്തിമൂന്നുകാരനായ നീരജ് ചോപ്ര ഒളിന്പിക് സ്വർണ മെഡൽ കഴുത്തിലണിഞ്ഞത്.
വേൾഡ് ബ്രേക്ക്ത്രൂ ഓഫ് ദ ഇയറിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ്. അതേസമയം, ലോറസ് പുരസ്കാരത്തിന് നാമനിർദേശം ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് നീരജ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, ഗുസ്തി താരം വിനേഷ് ഫോഗട്ട് എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.
18-ാം വയസിൽ യുഎസ് ഓപ്പണ്‍ കിരീടം നേടിയ ബ്രിട്ടീഷ് വനിതാ ടെന്നീസ് താരം എമ്മ റാഡുകാനു, ലോക രണ്ടാം നന്പർ പുരുഷ ടെന്നീസ് താരം റഷ്യയുടെ ഡാനിൽ മെദ്വദേവ്, ബാഴ്സലോണയുടെ യുവ ഫുട്ബോളർ പെഡ്രി, ട്രിപ്പിൾ ജംപിൽ ലോകറിക്കാർഡ് നേടിയ യൂളിമർ റോജാസ്, നീന്തൽ താരം അറിയാർനെ ടിറ്റ്മസ് എന്നിവരാണ് വേൾഡ് ബ്രേക്ക് ത്രൂ ഓഫ് ദ ഇയർ പുരസ്കാരത്തിന് നീരജ് ചോപ്രയ്ക്കൊപ്പം മത്സരിക്കുന്നത്.
ലോകത്തിലെ മികച്ച പുരുഷ കായിക താരത്തിനുള്ള അന്തിമ പട്ടികയിൽ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്, ഫുട്ബോളർ റോബർട്ട് ലെവൻഡോവ്സ്കി, എഫ് വണ്‍ താരം മാക്സ് വെർസ്റ്റപ്പൻ, ദീർഘദൂര ഓട്ടക്കാരൻ എലൂദ് കിപ്ചോഗെ, അമേരിക്കൻ ഫുട്ബോൾ താരം ടോം ബ്രാഡി, നീന്തൽ താരം ഡ്രെസെൽ എന്നിവരാണുള്ളത്.
വനിതാ താരമാകാനുള്ള അന്തിമ പട്ടികയിൽ ടെന്നീസ് താരം ആഷ് ബാർട്ടി, അത്ലറ്റുകളായ ആലിസണ് ഫെലിക്സ്, എലൈൻ തോംസണ്‍, നീന്തൽ താരങ്ങളായ ലെഡിക്കി, എമ്മ മക്കിയോണ്‍, ഫുട്ബോളർ അലെക്സിയ പ്യുടെല്ലസ് എന്നിവർ ഇടംപിടിച്ചു.
ലോകത്തിന്റെ വിവിധ കോണുകളിലുള്ള 1300ൽ അധികം സ്പോർട്സ് ജേണലിസ്റ്റുകൾ ചേർന്നാണ് പുരസ്കാര ജേതാവിനെ തീരുമാനിക്കുന്നത്.