ഒറ്റക്കാലിൽ 19,341 അടി ഉയരമുള്ള കിളിമഞ്ചാരോ പർവതം കീഴടക്കി നീരജ്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ വർവതാണ് കിളിമഞ്ചാരോ. തന്റെ സ്വപ്നം വലതുകാലിൽ കീഴടക്കിയ ശേഷം ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ…
5 വർഷത്തെ എന്റെ സ്വപ്നം സഫലമായി. എല്ലാ ഭിന്നശേഷിക്കാർക്കും വേണ്ടി. ഏറെ വേദന സഹിച്ചു.ഒറ്റക്കാലിൽ ജീവിക്കുന്നവർക്കും ഇനി എല്ലാ സ്വപ്നങ്ങളും കാണാം.
എട്ടാം വയസിൽ അർബുദം ബാധിച്ച് ഇടതു കാൽമുട്ടിനു മുകളിൽവച്ചു മുറിച്ചുമാറ്റേണ്ടിവന്ന ആലുവ സ്വദേശി നീരജ് ജോർജ് ബേബിയാണ് (32) ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയത്. പത്തിന് ക്രച്ചസിന്റെ മാത്രം സഹായത്തോടെ 5 സുഹൃത്തുക്കൾക്കൊപ്പമാണ് യാത്ര തിരിച്ചത്.
ആദ്യയാത്ര വിജയകരമായാൽ ഗിന്നസ് വേൾഡ് റിക്കാർഡ് ലക്ഷ്യമിട്ട് ചുരുങ്ങിയ സമയത്തിൽ കിളിമഞ്ചാരോ കയറുകയാണു ലക്ഷ്യം. 2015ൽ പാരാ ബാഡ്മിന്റണ്‍ ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു നീരജ്. 2012ൽ ഫ്രഞ്ച് ഓപ്പണ്‍ പാരാ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാവാണ്.
ആലുവ യുസി കോളജിൽനിന്നു ബിരുദവും സ്കോട്ലൻഡിൽനിന്ന് എംഎസ് സി ബയോ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ നീരജ്, ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറൽ ഓഫീസിൽ അസിസ്റ്റന്റാണ്.
സ്കൂബാ ഡൈവിംഗ്, റോക്ക് ക്ലൈന്പിംഗ്, ട്രക്കിംഗ്, ഹൈക്കിംഗ് എന്നിവയിൽ മികവു തെളിയിച്ചിട്ടുണ്ട്. അർബുദം മൂലം കാൽ മുറിച്ചുമാറ്റിയെങ്കിലും ജീവിതത്തിൽ തളരാൻ താൻ തയാറല്ലെന്നു നീരജ് പറയുന്നു.
റിട്ടയേർഡ് പ്രഫസർമാരായ സി.എം. ബേബി, ഡോ. ഷൈലാ പാപ്പു എന്നിവരാണു മാതാപിതാക്കൾ. ഇവരുടെയും സഹോദരി നിനോ രാജേഷിന്റെയും ഭിന്നശേഷിക്കാരോടു കരുതലുള്ള അനേകരുടെയും പ്രോത്സാഹനം തനിക്കു പ്രചോദനമായിട്ടുണ്ടെന്നും നീരജ് പറഞ്ഞു.