കൊച്ചി: ഒറ്റക്കാലിൽ 19,341 അടി ഉയരമുള്ള കൊടുമുടി കീഴടക്കാനൊരുങ്ങി മലയാളി യുവാവ്. എട്ടാം വയസിൽ അർബുദം ബാധിച്ച് ഇടതു കാൽമുട്ടിനു മുകളിൽവച്ചു മുറിച്ചുമാറ്റേണ്ടിവന്ന ആലുവ സ്വദേശി നീരജ് ജോർജ് ബേബിയാണ് (32) ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കാൻ ഒരുങ്ങുന്നത്.
ഒന്‍പതിനാരംഭിക്കുന്ന യാത്ര, ക്രച്ചസിന്റെ മാത്രം സഹായത്തോടെ ഏഴു ദിവസംകൊണ്ടു പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷയെന്നു നീരജ് പറയുന്നു. ആദ്യയാത്ര വിജയകരമായാൽ ഗിന്നസ് വേൾഡ് റിക്കാർഡ് ലക്ഷ്യമിട്ട് ചുരുങ്ങിയ സമയത്തിൽ കിളിമഞ്ചാരോ കയറുകയാണു ലക്ഷ്യം.
2015ൽ പാരാ ബാഡ്മിന്റണ്‍ ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു നീരജ്. 2012ൽ ഫ്രഞ്ച് ഓപ്പണ്‍ പാരാ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാവാണ്. ആലുവ യുസി കോളജിൽനിന്നു ബിരുദവും സ്കോട്ലൻഡിൽനിന്ന് എംഎസ് സി ബയോ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ നീരജ്, ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറൽ ഓഫീസിൽ അസിസ്റ്റന്റാണ്. സ്കൂബാ ഡൈവിംഗ്, റോക്ക് ക്ലൈന്പിംഗ്, ട്രക്കിംഗ്, ഹൈക്കിംഗ് എന്നിവയിൽ മികവു തെളിയിച്ചിട്ടുണ്ട്.
അർബുദം മൂലം കാൽ മുറിച്ചുമാറ്റിയെങ്കിലും ജീവിതത്തിൽ തളരാൻ താൻ തയാറല്ലെന്നു നീരജ് പറയുന്നു. റിട്ടയേർഡ് പ്രഫസർമാരായ സി.എം. ബേബി, ഡോ. ഷൈലാ പാപ്പു എന്നിവരാണു മാതാപിതാക്കൾ. ഇവരുടെയും സഹോദരി നിനോ രാജേഷിന്റെയും ഭിന്നശേഷിക്കാരോടു കരുതലുള്ള അനേകരുടെയും പ്രോത്സാഹനം തനിക്കു പ്രചോദനമായിട്ടുണ്ടെന്നും നീരജ് പറഞ്ഞു.