മോഹന്‍ലാല്‍ നായകനായ ഒടിയനെതിരേ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നീരജ് മാധവ്. ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ല എന്ന കാരണത്താല്‍ സിനിമയെ വലിച്ചു കീറി ഒട്ടിക്കുന്നത് ശരിയല്ലെന്ന് നീരജ് മാധവ് പറഞ്ഞു.’ഒടിയന്‍ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു, ഇത്രയ്ക്കു താഴ്ത്തിക്കെട്ടാന്‍ മാത്രമുള്ള കുഴപ്പങ്ങള്‍ ഞാനതില്‍ കാണുന്നില്ല. ഒരുപക്ഷേ റിലീസിന് മുന്നേ ഇതുവരെ ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത തരത്തിലുള്ള പരസ്യവും പബ്ലിസിറ്റിയും നടത്തിയതാവാം തിരിച്ചടിച്ചത്. ബ്ലോക്ക്ബസ്റ്ററുകളായ ദൃശ്യവും പുലിമുരുകനും വമ്പന്‍ പ്രതീക്ഷയില്ലാതെയാണ് നമ്മള്‍ കാണാന്‍ പോയത് എന്നോര്‍ക്കണം.’
‘തെറ്റായ മുന്‍വിധിയോടെ സിനിമ കാണാന്‍ പോകുന്നത് സിനിമയ്ക്കും പ്രേക്ഷകനും ഗുണം ചെയ്യില്ല. ഓരോ സിനിമയ്ക്കും ഏതു തരത്തിലുള്ള പബ്ലിസിറ്റി ആണ് ചെയ്യേണ്ടത് എന്നതിന് ഇതൊരു പാഠമായേക്കാം. അഗ്രസീവ് ആയി പ്രൊമോട്ട് ചെയ്തതിനാല്‍ വലിയ പ്രതീക്ഷകള്‍ ഉടലെടുത്തു. പക്ഷേ നമ്മുടെ പ്രതീക്ഷയ്‌ക്കൊത്തു ഉയര്‍ന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒരു സിനിമയെ കീറിയൊട്ടിക്കുന്നത് ശരിയാണോ എന്ന് നമ്മള്‍ പുനഃപരിശോധിക്കണം.’
‘ലാലേട്ടനടക്കമുള്ള മുഴുവന്‍ അണിയറ പ്രവര്‍ത്തകരുടെ രണ്ടു വര്‍ഷത്തെ പ്രയത്‌നം, പ്രശംസയര്‍ഹിക്കുന്ന പ്രൊഡക്ഷന്‍ ഡിസൈന്‍, ആര്‍ട്, ബിജിഎം. സാമാന്യം നന്നായി അവതരിപ്പിച്ചു ഫലിപ്പിച്ച സി.ജി ഫൈറ്റ് രംഗങ്ങള്‍. 2.0 എന്ന ബ്രഹ്മാണ്ഡ തമിഴ് പടത്തെ പൂര്‍ണ സംതൃപ്തിയോടെയല്ലെങ്കിലും കയ്യടിച്ച് പാസാക്കിയ നമ്മള്‍ അതിന്റെ പത്തിലൊന്ന് ബജറ്റില്‍ മലയാളത്തില്‍ നമ്മുടെ സ്വന്തം ലാലേട്ടനെ മുന്‍നിര്‍ത്തിയുള്ള ഈ ശ്രമത്തെ തീര്‍ത്തും പരിഹസിച്ച് തഴയരുത്.”മുന്‍വിധികള്‍ മാറിനില്‍ക്കട്ടെ, ഒരു സിനിമയ്ക്ക് അതര്‍ഹിക്കുന്ന അംഗീകാരം ലഭിക്കട്ടെ. സിനിമ നടന്‍ എന്നതിലുപരി ഒരു സിനിമാസ്വാദകന്‍ എന്ന നിലയില്‍ എനിക്ക് തോന്നിയ ഒരു കാര്യം പങ്കുവെച്ചു എന്ന് മാത്രം, ഇനി ഇതിന് എന്നെയും എടുത്തു ഉടുക്കരുത് എന്ന് ഒരപേക്ഷയുണ്ട്. നീരജ് മാധവ് പറഞ്ഞു.