കാതോട് ചേർന്ന്. അത്ര തൊട്ടടുത്ത്. പ്രിയതമൻ ഒപ്പമുണ്ടായിരുന്നു അതുവരെ. ഉഗ്രശബ്ദത്തിൽ 40 സൈനികർക്കൊപ്പം പലതായി ചിതറിത്തെറിക്കുന്നതുവരെ. കാതിൽ പ്രണയമായി പറഞ്ഞുപറഞ്ഞിരിക്കെ ഉഗ്രശബ്ദത്തോടെ പ്രിയതമൻ ചിതറത്തെറിച്ചതിന്റെ നടുക്കത്തിലാണ് നീരജ് ദേവി.
ഉത്തർപ്രദേശിലെ കന്നോജ് ജില്ലയിലെ അജൻ സുക്ഷനപുർ സ്വദേശിനി നീരജ് ദേവിക്ക് ഇനിയും ഒരിക്കൽ കൂടി ആ നിമിഷം ഓർത്തെടുക്കാൻ ആവില്ല. ആ നിമിഷത്തെ അത്രയ്ക്കു അവർ വെറുത്ത് കഴിഞ്ഞിരിക്കുന്നു. അല്ല, അവരെ ഭയപ്പെടുത്തിയിരിക്കുന്നു.
പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻ പ്രദീപ് സിംഗ് യാദവിന്റെ ഭാര്യയാണ് നീരജ് ദേവി. സ്ഫോടനം നടക്കുമ്പോൾ പ്രദീപ് സിംഗ് യാദവ് ഭാര്യയുമായി സംസാരിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം താൻ വ്യക്തമായി കേട്ടതായി നീരജ് ദേവി പറയുന്നു.
ആ സമയം തങ്ങൾ സംസാരിക്കുകയായിരുന്നു. മറുതലയ്ക്കലിൽനിന്ന് ഉഗ്രശബ്ദം കേട്ടു. സെക്കൻഡുകൾക്കു ശേഷം പൂർണ നിശബ്ദത. പെട്ടെന്ന് കോൾ മുറിയുകയും ചെയ്തു. എന്തോ അരുതാത്ത് നടന്നുവെന്നു തോന്നി.
അദ്ദേഹത്തിന് എന്ത് സംഭവിച്ചെന്ന് അറിയാൻ പലവട്ടം ശ്രമിച്ചു. എന്നാൽ എല്ലാം അപ്പോഴേക്കും അവസാനിച്ചിരുന്നു-നീരജ് ദേവിയുടെ കണ്ണുകൾ നിറഞ്ഞ് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. പിന്നീട് സിആർപിഎഫ് കൺട്രോൾ റൂമിൽനിന്ന് ഒരു ഫോൺകോൾ എത്തി. ഭർത്താവിന്റെ മരണവിവരം അറിയിച്ചുകൊണ്ടുള്ള ഫോൺ ആയിരുന്നു-അൽപ്പസമയത്തെ നിശബ്ദതയ്ക്കു ശേഷം നീരജ് ദേവി പറഞ്ഞു.
സംഭവം നടക്കുമ്പോൾ നീരജ് ദേവിയുടെ അമ്മയുടെ നാടായ കാൺപൂരിലെ കല്യാൺപുരിലാണ് ഇവർ ഉണ്ടായിരുന്നത്. രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. മരണമറിഞ്ഞ് ശനിയാഴ്ച ഭർത്താവിന്റെ നാട്ടിലേക്ക് നീരജ് ദേവിയും മക്കളും മടങ്ങി. ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്. പത്തുവയസുകാരി സുപ്രിയയും രണ്ടു വയസുള്ള സോണയും.
സ്ഫോടനം നടക്കുന്നതിന് 10 മിനിറ്റ് മുമ്പ് പ്രദീപ് സിംഗുമായി കുഞ്ഞ് സോണ സംസാരിച്ചിരുന്നു. അവളെ വലിയ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്-നീരജ് ദേവി പറയുന്നു. എപ്പോൾ വിളിച്ചാലും അവളുടെ കാര്യമാണ് ആദ്യം തിരക്കുന്നത്-ദുഖം അടക്കാനാവാതെ നീരജ് ദേവി വിതുമ്പി.