ഒരു സ്ഥലത്തേക്കു നമ്മള് വിനോദയാത്ര പോവുകയാണെന്ന് സങ്കല്പിക്കുക. പോകുന്ന വഴിക്കു നമുക്കു കൗതുകം തോന്നുന്ന എന്തെങ്കിലും കുഞ്ഞൻ ജീവികളെ കണ്ടതായും സങ്കല്പിക്കുക.
തീര്‍ച്ചയായും നമ്മള് ഇതുവരെ കണ്ടിട്ടില്ലാത്ത ജീവിയാണെങ്കില്‍ ചിലർ അതിനെ പറ്റുമെങ്കിൽ കൈയിൽ എടുക്കാൻ ശ്രമിക്കും.
അല്ലെങ്കില്‍ ആ ജീവിയുടെ ഒരു ഫോട്ടോയെങ്കിലും എടുക്കും. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു ലൈക്കും ഷെയറും വാരിക്കൂട്ടാന്‍ ശ്രമിക്കും. ഒന്നിനും പറ്റിയില്ലെങ്കില്‍ ആ ജീവിയെ ആവോളം കണ്ട് ആസ്വദിക്കും… അതിന്റെ സവിശേഷതകൾ അറിയാൻ ശ്രമിക്കും.
ബാലിയിൽ നടന്നത്
ഇനി ബാലിയില്‍ നടന്നൊരു സംഭവത്തിലേക്കു പോകാം. ടിക് ടോക്കിലൂടെ ജനശ്രദ്ധനേടിയ ഒരു യുവതിയാണ് ഇതിലെ നായിക. പേര് കെയ്ലിന് ഫിലിപ്സ്.
ബാലിയില്‍ ബീച്ചിലൂടെ യാത്ര ചെയ്യുന്ന സമയത്ത് ഇവരുടെ മുമ്പില്‍ ഒരു കുഞ്ഞൻ നീരാളി വന്നുപെട്ടു. കണ്ടപ്പോള്‍ കൗതുകവും അദ്ഭുതവും തോന്നി. ഇതു കൊള്ളാമല്ലോയെന്നു തോന്നി. ഒട്ടും വൈകിയില്ല, കെയ്ലിന് അതിനെ വെള്ളത്തോടുകൂടി കൈക്കുന്പിളിൽ കോരിയെടുത്തു.
അല്പനേരം ഓമനിച്ചു. ഒരു ചിത്രവും പകര്‍ത്തി. വൈകാതെ അതിനെ കടലിലേക്കു തന്നെ ഇട്ടു. എന്നാൽ, അതുകഴിഞ്ഞപ്പോഴല്ലേ മരണത്തെയാണ് കൈയിലെടുത്തു താലോചിച്ചതെന്ന് അവൾ തിരിച്ചറിഞ്ഞത്.
അതീവ അപകടകാരി
ഇതുവരെ കണ്ടിട്ടില്ലാത്ത സുന്ദരന്‍ നീല വളയങ്ങളോടുള്ള കൂടിയ കടല്‍ജീവി ഏതാണെന്ന് അറിയണമെന്നു അവൾക്കു തോന്നി. ഇന്റർനെറ്റ് തുറന്നു.
പരതി തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ കെയ്ലിന്റെ കാലിൽകൂടി ഒരു തരിപ്പും ഭയവും മുകളിലേക്ക് ഇരച്ചുകയറി. താൻ കൈയിലെടുത്തു താലോചിച്ച ജീവി നിസാരക്കാരനല്ല, കൊടുംവിഷം ഉള്ളിൽ ഒളിപ്പിച്ച അതിഭീകരൻ.
ലൂ റിംഗ്ഡ് ഒക്ടോപസ് അഥവാ നീല വളയമുള്ള നീരാളി എന്നാണ് ഈ ജീവിയുടെ പേര്. ലോകത്തില്‍ ഏറ്റവും അപകടകാരിയായ പത്ത് ജീവികളില്‍ ആറാം സ്ഥാനമാണ് ഈ കടല്‍ ജീവിക്കുള്ളത്. ഇത് അറിയാതെയാണ് യുവതി കുഞ്ഞന്‍ നീരാളിയെ കൈയിലെടുത്തത്.
ഒറ്റ നിമിഷംകൊണ്ടു ജീവനെടുക്കാൻ ശേഷിയുള്ള ഒരു ഭീകരനെയാണ് താൻ കൈയിലെടുത്ത് താലോലിച്ചിരുന്നതെന്നു തിരിച്ചറിഞ്ഞതോടെ അവൾ ആകെ പരിഭ്രാന്തയായി. പിതാവിനെ ഉടൻ ഫോൺവിളിച്ച് കുറെ നേരം കരഞ്ഞു.
ഭാഗ്യം കൊണ്ടു മാത്രമാണ് താനിപ്പോൾ ജീവനോടെ ഇരിക്കുന്നതെന്ന് അവൾ പിതാവിനോടു പറഞ്ഞു. ആദ്യത്തെ ഷോക്ക് പിന്നിട്ടപ്പോൾ ഈ സംഭവം വിവരിച്ച അവൾ ടിക് ടോക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു.
എന്തായാലും അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവതിയും വീട്ടുകാരും.