വെങ്കിടങ്ങ്: കനോലി കനാലിലെ തൊയക്കാവ് കോക്കനട്ട് ഐലൻഡിനടുത്തുനിന്ന് രാത്രി ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കു മീൻപിടിത്തത്തിനിടയിൽ നീരാളിയെ ലഭിച്ചു.
പാടൂർ എടക്കാട്ട് ഷാജിക്കും തൊയക്കാവ് കൂനംപുറത്ത് മൻസിലിനുമാണ് നീരാളിയെ ലഭിച്ചത്.കടലിൽനിന്ന് വേനൽക്കാലത്ത് പുഴകളിലേക്ക് ഉപ്പുവെള്ളം കയറുന്നതിനിടയ്ക്ക് നീരാളികൾ എത്താറുണ്ട്.
എന്നാൽ മരക്കുറ്റികളിലും കല്ലുകൾക്കിടയിലും താവളമൊരുക്കുന്നതിനാൽ അപൂർവമായാണ് ഇവ മത്സ്യത്തൊഴിലാളികളുടെ വലകളിൽ കുടുങ്ങാറുള്ളത്.
ഒട്ടേറെ പരിസരവാസികളും വിദ്യാർഥികളും നീരാളിയെ കാണാനെത്തി. പിന്നീട് പുഴയിലേക്കുതന്നെ നീരാളിയെ ജീവനോടെ വിട്ടയച്ചു.
എട്ടുവർഷം മുൻപ് കനോലി കനാലിൽ മീൻപിടിത്തത്തിനിടയിൽ തൊയക്കാവ് പള്ളിക്കടവിൽനിന്ന് കെ.വി. മനോഹരനും വലിയ നീരാളിയെ ലഭിച്ചിരുന്നു. അന്നു നീരാളിയെ തൊട്ടടുത്ത സ്കൂൾ ലാബിലേക്കു നൽകി.