സൂപ്പര്‍താരം മോഹന്‍ലാലിന്റെ പുതിയ ചിത്രമായ നീരാളിയുടെ മോഷന്‍ പോസ്റ്ററെത്തി. മോഹന്‍ലാലിന്റെ കഥാപാത്രം അപകടത്തില്‍പെട്ട് ജീവിതത്തിനും മരണത്തിനുമിടയില്‍ നില്ക്കുന്ന തരത്തിലുള്ള പോസ്റ്റര്‍ തീര്‍ത്തും പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതാണ്.
‘യാത്ര തുടര്‍ന്നേ മതിയാവൂ ! രക്ഷകന്റെ ദേവകരങ്ങള്‍ എന്നെ ഉയര്‍ത്തും .അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തില്‍ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാന്‍ പുണരുംബിലീവ് മീ … ദിസ് ഈസ് സണ്ണി ജോര്‍ജ്’ മോഷന്‍ പോസ്റ്റിന്റെ അടിക്കുറിപ്പായി ഈ വാചകങ്ങളുമുണ്ട്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്
ബോളിവുഡ് സംവിധായകന് അജോയ് വര്‍മ്മ സംവിധാനം ചെയുന്ന ചിത്രത്തിന് സാജു തോമസാണ് തിരക്കഥയൊരുക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന് എന്നിവരാണ്. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സിനിമ ജൂണ്‍ 14ന് റിലീസ് ചെയ്യും. 33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാലേട്ടന്റെ നായികയായി നദിയ മൊയ്തു വീണ്ടുമെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
‘വളരെ സന്തോഷമുണ്ട്, ലാലേട്ടനുമായി വീണ്ടും അഭിനയിക്കാന്‍ സാധിച്ചതില്‍. ‘നീരാളി’ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമാണ് എനിക്ക്. വളരെ ‘റിഫ്രെഷിങ്’ ആണ് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത്. അജോയ് വര്മ്മസന്തോഷ് തുണ്ടിയില്‍ എന്നിവരുടെ നല്ല ടീം ആണ് സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്’, നദിയ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടു പറഞ്ഞു. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ തുടക്കം കുറിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
ചിത്രത്തില്‍ മോഹന്‍ലാലും ശ്രേയാഘോഷാലും ചേര്‍ന്നൊരു ഡ്യുയറ്റ് ആലപിച്ചിട്ടുണ്ട്. സ്റ്റീഫന്‍ ദേവസിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ഇതിനു മുന്‍പ് ‘കണ്ണെഴുതി പൊട്ടും തൊട്ട്’, ‘പാദമുദ്ര’, ‘ചിത്രം’, ‘വിഷ്ണുലോകം’, ‘ഗാന്ധര്‍വ്വം’, ‘സ്ഫടികം’, ‘ഉസ്താദ്’, ‘ബാലേട്ടന്’, ‘ഉടയോന്’, ‘മാടമ്പി’, ‘ഭ്രമരം’, തുടങ്ങിയ ചിത്രങ്ങളിലും മോഹന്‍ലാല്‍ പാടിയിട്ടുണ്ട്. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തില്‍ ലാല്‍ പാടിയ ആറ്റുമണല്‍ പായയില്‍ എന്ന ഗാനം വമ്പന്‍ ഹിറ്റായിരുന്നു.