റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ നീരാട്ടുകാവ് സ്റ്റോറും പടിക്ക് സമീപം വട്ടകപ്പാറയിലും സമീപ പ്രദേശമായ ഗ്രീൻവാലിയിലും പാറമടയും ക്രഷറും തുറക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ റാന്നി മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി.
പെരുമ്പുഴയിൽ നിന്നാരംഭിച്ച മാർച്ചിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു. പാറമട തുറക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വട്ടകപ്പാറയിൽ സർക്കാർ ഭൂമിയിൽ നിന്ന് വൻതോതിൽ മരങ്ങൾ വെട്ടിനശിപ്പിച്ചതായി സമരക്കാർ ആരോപിച്ചു.
നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ പരിസ്ഥിതി സംഘടനകളും സമാന ചിന്താഗതിക്കാരുമായി കൈകോർത്ത് വൻ സമരപരിപാടികൾക്ക് രൂപം നൽകാനാണ് തീരുമാനമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. ജനവാസമേഖലയ്ക്കും മാടത്തരുവി ടൂറിസം സാധ്യതകൾക്കും പരിസ്ഥിതിക്കും വൻ ഭീഷണിയാകാവുന്ന പാറമട നീക്കത്തിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്നാണാവശ്യം.
ദേശീയ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ സമരപരിപാടികൾ ഉദ്ഘാടനം ചെയ്തു. കെ.എൻ. ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. രാജീവ്, എസ്.രാധാമണി, അശ്വതി, ബിജു മോടിയിൽ, ജിനു കൊച്ചുപ്ലാമൂട്ടിൽ, സുരേഷ് കുമാർ, ശ്രീകുമാർ, തോമസ് മത്തായി, കെ.എം. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.