ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു പണം തട്ടിച്ചു നാടുവിട്ട ശേഷം അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് അടുത്തമാസം 24നാണ് ഇനി പരിഗണിക്കുക.
സാക്ഷികൾക്ക് വധഭീഷണിയുണ്ടെന്ന വാദവും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുള്ള വാദവും ഇത്തവണയും കോടതി അംഗീകരിച്ചു.
മാർച്ച് 21നാണ് നീരവ് ലണ്ടനിൽ അറസ്റ്റിലായത്. നീരവ്മോദിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച തിരിച്ചയയ്ക്കൽ ഹർജിയിൽ ലണ്ടൻ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നായിരുന്നു അറസ്റ്റ്.
നേരത്തേ, പുറത്തുവന്ന വാർത്തകളെ സാധൂകരിക്കുന്ന തരത്തിലാണു മോദിയുടെ അറസ്റ്റ്. മോദി ഒളിവിൽ കഴിയുന്നതായി മാധ്യമ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്ന ലണ്ടനിലെ വെസ്റ്റ് എൻഡിലെ വസതിയിൽ നിന്നായിരുന്നു അറസ്റ്റ്.