ഒന്പതു ലക്ഷം രൂപ വരുന്ന ഒട്ടക പക്ഷിയുടെ തോൽ കൊണ്ടുണ്ടാക്കിയ നീരവ് മോദിയുടെ ’ ഓസ്ട്രിച്ച് ഹൈഡ് ’ ജാക്കറ്റാണ് സോഷ്യൽ മീഡിയകളിലെ താരം. ഇന്ത്യയിലെ പതിവ് രൂപമായിരുന്ന മൊട്ടത്തലയും ക്ലീൻഷേവും മാറ്റിയ നീരവ് മോദി കഷണ്ടിക്ക് മീതെ മുടി നീട്ടി വളർത്തിയും മീശ പിരിച്ചുമാണ് ലണ്ടനിൽ വിലസുന്നത്.
പുതിയ രൂപത്തോടൊപ്പം തന്നെ രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരന്റെ ജാക്കറ്റും ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ ചർച്ചാവിഷയമായി. ബാങ്ക് തട്ടിപ്പുകാരുടെ സ്ഥിരം വേഷമാണ് ഓസ്ട്രിച്ച് ഹൈഡ് ജാക്കറ്റ് എന്നായിരുന്നു ഒരു പരിഹാസം.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ കാന്പയിൻ മാനേജറും പതിനെട്ടോളം ബാങ്ക്, നികുതി തട്ടിപ്പ് കേസുകൾ നേരിടുന്നയാളുമായ പോൾ മാനഫോർട്ട് ആണ് ഇതിന് മുൻപ് ലക്ഷങ്ങൾ വിലയുള്ള ഓസ്ട്രിച്ച് ഹൈഡ് കോട്ട് ധരിച്ച് വാർത്തയും വിവാദവും ഉണ്ടാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും കട്ടിയേറിയതും വിലയേറിയതുമായ തുകലാണ് ഒട്ടക പക്ഷിയുടേത്.
മുഴച്ചു നിൽക്കുന്ന പാടുകളോടു കൂടിയതും ഏറ്റവും വഴക്കമുള്ളതുമാണ് ഒട്ടകപ്പക്ഷിയുടെ തുകൽ. നരയോ ചുളിവോ ഇല്ലാതെ ഏറെക്കാലം നിലനിൽക്കുമെന്നതാണ് ഈ തുകലിന്റെ സവിശേഷത.
പ്രമുഖ ഫാഷൻ ഡിസൈനർമാരായ ഹെർമസ്, ലൂയിസ് വ്യൂട്ടൻ, കാർട്ടിയർ, പ്രാഡ തുടങ്ങിയവർ തങ്ങളുടെ ആഡംബരവും അന്തസും പ്രകടിപ്പിക്കാൻ ഫാഷൻ ഷോകളിൽ ഓസ്ട്രിച്ച് ഹൈഡിന്റെ വിവിധ ഡിസൈനുകൾ അവതരിപ്പിക്കാറുണ്ട്.