ഞാന്‍ ഇപ്പോള്‍ പാപ്പരാണ്! ജീവനക്കാരോട് മറ്റ് ജോലികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നീരവ് മോദി രംഗത്ത്; കയ്യില്‍ കാശില്ലെന്നും ശമ്പളം തരാന്‍ വകയില്ലെന്നും വ്യക്തമാക്കിയത് ഇമെയില്‍ വഴി

അവസാനം പഞ്ചാബ് നാഷണല്‍ ബാങ്കിനെ തട്ടിച്ച നീരവ് മോദി നയം വ്യക്തമാക്കി. ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനത്തിലൂടെ പഞ്ചാബ് നാഷണല്‍ ബാങ്ക് വഴി 11,400 കോടി രൂപ തട്ടിയെടുത്ത് രാജ്യം വിട്ട വജ്രവ്യാപാര വ്യവസായി നീരവ് മോദി താന്‍ പാപ്പരാണെന്ന് കാണിച്ച് ജീവനക്കാര്‍ക്ക് കത്തയച്ചിരിക്കുകയാണ്. കൈയ്യില്‍ കാശില്ലെന്നും അതിനാല്‍ ശമ്പളം തരാന്‍ വകയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ക്ക് മോദി ഇമെയില്‍ സന്ദേശം അയച്ചത്. ശമ്പളം തരാനുള്ള വഴി നിലവില്‍ തനിക്കില്ല.

അതുകൊണ്ട് മറ്റ് ജോലി അന്വേഷിച്ചുകൊള്ളാന്‍ ജീവനക്കാരോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുവീരന്‍ നീരവ് മോദിയുടെ അഭ്യര്‍ഥന. പഞ്ചാബ് നാഷണല്‍ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ ആദായനികുതിവകുപ്പും, സി.ബി.ഐയും പരിശോധന നടത്തി സീല്‍ ചെയ്തിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിക്കുകയും ചെയ്തു.

ഇതോടെ ഇയാളുടെ ജ്വല്ലറികളിലടക്കം തൊഴിലെടുത്തിരുന്ന ജീവനക്കാര്‍ പെരുവഴിയാകുകയായിരുന്നു. കേസ് തീരാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണ് മറ്റു ജോലികള്‍ തേടാന്‍ ജീവനക്കാരോട് നീരവ്‌മോദി അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. നിങ്ങള്‍ മറ്റ് ജോലികള്‍ നോക്കുക, നിങ്ങള്‍ക്ക് ശമ്പളം തരാന്‍ ഇപ്പോഴെനിക്ക് കഴിയില്ല, ഭാവിയാണെങ്കില്‍ അനിശ്ചിതത്വത്തിലുമാണ്.

ഇ മെയില്‍ സന്ദേശത്തിലൂടെ നീരവ് തന്റെ ജീവക്കാരോട് പറഞ്ഞു. ഇങ്ങനെയൊരു ഇമെയില്‍ നിരവ് മോദി അയച്ചതു തന്നെയാണെന്ന് ഇതിന്റെ ആധികാരികത ഉറപ്പാക്കിക്കൊണ്ട് നിരവ് മോദിയുടെ നിയമസംഘത്തിലെ ഒരാള്‍ സമ്മതിക്കുന്നുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നമ്മുടെ ഫാക്ടറികളും ഷോറൂമുകളും എല്ലാം അവര്‍ സീല്‍ ചെയ്യുകയും വസ്തുക്കള്‍ നീക്കം ചെയ്യ്തിരിക്കുകയുമാണ്. ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ കുടിശ്ശികകള്‍ പോലും തന്നു തീര്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. ഈ സമയത്ത് മറ്റ് ജോലികള്‍ നോക്കുന്നതാണ് അതിന്റെ ശരിയെന്ന് തോന്നുന്നു.

ഇതാണ് ഈ ഈമെയില്‍ സന്ദേശത്തിന്റെ ഉള്ളടക്കം. ഞാന്‍ ബാങ്കിന് നല്‍കാനുള്ള പണം 5000 കോടി രൂപയില്‍ താഴെയാണ്. തെറ്റായ രീതിയില്‍ വാര്‍ത്തനല്‍കി പ്രശ്‌നം പെരുപ്പിച്ചത് മാധ്യമങ്ങളാണ്. ഇതിന്റെ ഫലമായി തന്റെ സ്ഥാപനങ്ങളില്‍ ഉടന്‍തന്നെ റെയ്ഡ് നടത്തുകയായിരുന്നെന്നും കത്തില്‍ പറയുന്നു. കടംവീട്ടാനുള്ള നടപടികള്‍ ഞാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി 13നും 15നും നല്‍കിയ തന്റെ അഭ്യര്‍ഥന ബാങ്ക് അധികൃതര്‍ കേട്ടില്ല.

ഇത് എന്റെ ബ്രാന്‍ഡിനേയും വ്യവസായത്തേയും നശിപ്പിച്ചെന്നും കത്തില്‍ പറയുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതര്‍ക്കും നീരവ് മോദി കത്ത് എഴുതിയിരുന്നു എന്നും എന്നാല്‍ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളന്‍ അവര്‍ തയ്യാറായില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

Related posts