എല്ലാം യാദൃച്ഛികം. നീരവ് മോദി അതേ പറയൂ. ഒരു സുഹൃത്തിനുവേണ്ടി കമ്മൽ ഡിസൈൻ ചെയ്തു കൊടുത്തത് ഏറെ നിർബന്ധത്തിനു വഴങ്ങിയാണ്. അതുവരെ താനൊരു വജ്രാഭരണ ഡിസൈനറാകുന്നതിനെപ്പറ്റി മോദി ചിന്തിച്ചിട്ടില്ല. ചെറുപ്പത്തിൽ സംഗീത കണ്ടക്ടർ ആകണമെന്നായിരുന്നു മോഹം.
കുടുംബം മൂന്നു തലമുറയായി രത്നവ്യാപാരത്തിലുണ്ടായിരുന്നതുകൊണ്ടാണു സുഹൃത്ത് കമ്മൽ ഡിസൈൻ ചെയ്യാൻ നിർബന്ധിച്ചത്. 2009 ലായിരുന്നു ഇത്.
ആ ഡിസൈൻ പരക്കെ പ്രശംസിക്കപ്പെട്ടു. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച വജ്രാഭരണ ഡിസൈനറായി നീരവ് മോദി പ്രകീർത്തിക്കപ്പെട്ടു. 2010ൽ ക്രിസ്റ്റീസിന്റെ ആഭരണലേല ബ്രോഷറിന്റെ കവറിൽ മോദി സ്ഥാനം പിടിച്ചു.
മോഡി ഡിസൈൻ ചെയ്ത ഗോൽക്കൊണ്ട ഡയമണ്ട് നെക്ലേസാണ് അവർ കവർചിത്രമായി ഉപയോഗിച്ചത്. ഹോങ്കോംഗിലെ ലേലത്തിൽ 35.6 ലക്ഷം ഡോറളാണ് (23 കോടി രൂപ) ആ നെക്ലേസിനു ലഭിച്ചത്. 2012ൽ മോദിയുടെ റിവിയേ ഡയമണ്ട് നെക്ലേസ് 51 ലക്ഷം ഡോളറിന് (33 കോടി രൂപ) സത്ബീസിസിന്റെ ലേലത്തിൽ പോയി. പിറ്റേ വർഷം ഫോർബ്സിന്റെ ഡോളർ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മോദി സ്ഥാനം പിടിച്ചു.
2016ൽ ഓസ്കർ അവാർഡ് വേദിയിൽ കേറ്റ് വിൻസ്ലെറ്റ് അണിഞ്ഞത് മോദി ഡിസൈൻ ചെയ്ത രത്നാഭരണങ്ങളാണ്. ഒരു നൂറ്റാണ്ടിലേറെ രത്നാഭരണരംഗത്തുള്ള വാൻ ക്ലീഫ്, ആർപെൽസ്, കാർടിയേ തുടങ്ങിയ ബ്രാൻഡുകളെ പിന്നിലാക്കിയാണു മോദി ഹോളിവുഡിലും യൂറോപ്പിലെ രാജകുടുംബങ്ങളിലും ചൈനയിലെ നവസന്പന്നർക്കിടയിലും താരമായത്. ഇന്ത്യയിലെ അതിസന്പന്നർക്ക് മോദിയാണ് ഇഷ്ട ഡിസൈനർ. പ്രിയങ്ക ചോപ്ര മോദിയുടെ ബ്രാൻഡ് അംബാസഡറും ഒപ്പം ആരാധികയുമാണ്. (ബ്രാൻഡ് അംബാസഡർ എന്ന പദവി ഉപേക്ഷിക്കാൻ പ്രിയങ്ക ആലോചിക്കുന്നതായി ഇന്നലെ റിപ്പോർട്ടുകൾ വന്നു.)
കഴിഞ്ഞവർഷം ലോകസന്പന്നരിൽ 1234-ാമതാണു മോദി എന്നു ഫോർബ്സ് മാസിക പറയുന്നു. ഇന്ത്യക്കാരിൽ 85-ാം സ്ഥാനത്ത്. 173 കോടി ഡോളർ (11,072 കോടി രൂപ) ആണ് മാസിക ഇദ്ദേഹത്തിന്റെ സന്പത്തായി കണക്കാക്കിയത്. ഗുജറാത്തിയായ മോദിയുടെ ഭാര്യ ആമി അമേരിക്കക്കാരിയാണ്. ഭാര്യയോടു ഗുജറാത്തിയിലാണത്രെ മോദി സംസാരിക്കാറ്. മോദിയുടെ കുടുംബം ഗുജറാത്തിൽനിന്നു ബെൽജിയത്തിലെ ആന്റ്വെർപ്പിലേക്കു താമസം മാറ്റിയത് നാലു ദശകം മുന്പാണ്. ലോകത്തിലെ വജ്രവ്യാപാരത്തിന്റെ തലസ്ഥാനമാണ് ആന്റ്വെർപ്. മോദിയുടെ അനുജൻ നിശാൽ ബെൽജിയൻ പൗരനാണ്.
ഹൈഫൈ മ്യൂസിക് സിസ്റ്റങ്ങളിലും ഫ്രാൻസിസ് ന്യൂട്ടൻസായുടെ ചിത്രങ്ങളിലും കന്പമുള്ള നാല്പത്തേഴുകാരനായ മോദി ശബ്ദം താഴ്ത്തിയേ സംസാരിക്കൂ. അമ്മയുടെ സഹോദരന്റെ (മെഹുൽ ചോക്സി) ഗീതാഞ്ജലി ജെംസിൽ പരിശീലനം നേടാനായി അമേരിക്കയിലെ പഠനം ഉപേക്ഷിച്ചയാളാണ്. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയുടെ വാർട്ടൺ സ്കൂളിലെ കോഴ്സ് ഇടയ്ക്കു നിർത്തിയാണു 19-ാം വയസിൽ ഗീതാഞ്ജലിയിൽ ചേർന്നത്. ഒന്പതു വർഷം അമ്മാവന്റെ കൂടെ നിന്നു ബിസിനസ് പഠിച്ചു.
ലണ്ടനിലും ന്യൂയോർക്കിലും ഹോങ്കോംഗിലുമൊക്കെ നീരവ് മോദിക്ക് ആഭരണശാലകളുണ്ട്. എങ്ങും ഏറ്റവും മുന്തിയ അഡ്രസുകളിലാണു കടകൾ. ലണ്ടനിൽ 31 ഓൾഡ് ബോണ്ട് സ്ട്രീറ്റ്; ന്യൂയോർക്കിൽ 727 മാഡിസൺ അവന്യു. മുംബൈയിൽ കൊളാബയിലെ അടഞ്ഞുകിടക്കുന്ന റിഥം ഹൗസിൽ പുതിയ കട തുറക്കാനിരിക്കെയാണ് ഒളിച്ചോട്ടവും കേസുകളും.
മൂന്നു മക്കളുള്ള മോദി ദിവസവും ഒരു ഡസൻ വിദേശ പത്രങ്ങൾ വായിക്കും. മാസികകളും ഗ്രന്ഥങ്ങളും കവിതകളും ഇഷ്ടം. യാത്രയാണ് പ്രധാന ഹോബി. ഇന്റീരിയർ ഡിസൈനറായ അമ്മയുടെ വഴിയേ മോദി മ്യൂസിയങ്ങളുടെ ആരാധകനുമായി.
അച്ഛന്റെയും അമ്മയുടെയും കുടുംബവഴിയേ രത്നാഭരണ ബിസിനസിൽ കയറി തിളങ്ങിയ മോദിയുടെ പതനം ഏതാനും വർഷം മുന്പു ജതിൻ മേത്ത എന്ന വജ്ര വ്യാപാരിക്കുണ്ടായ പതനത്തെ അനുസ്മരിപ്പിക്കുന്നു. ദശകങ്ങളായി സു-രാജ് ഡയമണ്ട്സ് എന്നപേരിൽ വലിയ ബിസിനസ് നടത്തിവന്ന ജതിൻ മേത്ത കന്പനിയുടെ പേര് വിൻസം ഡയമണ്ട്സ് എന്നാക്കി.
അധികം താമസിയാതെ ഇന്ത്യയിലെ ബാങ്കുകൾക്ക് 7000 കോടിയിലേറെ രൂപയുടെ ബാധ്യത അവശേഷിപ്പിച്ച് ജതിൻ മേത്തയും കുടുംബവും 2014ൽ ദുബായിലേക്കു ചേക്കേറി. മൂന്നു വർഷം കഴിഞ്ഞപ്പോഴാണ് മേത്താ കുടുംബം ബാങ്കുകളെ ചതിച്ചെന്നു മനസിലാക്കി കേസ് എടുത്തത്. ഗുജറാത്തിയായ മേത്തയുടെ വഴിയേ മോദി കുടുംബവും വിദേശത്തേക്കു കടന്നിട്ട് ഒരു മാസത്തിലേറെയായി.
കാശ് കിട്ടാനുണ്ട്: മോദിയുടെ ബ്രാൻഡ് അംബാസഡർ പ്രയങ്ക ചോപ്ര കോടതിയിലേക്ക്
ന്യൂഡൽഹി: നീരവ് മോദിയുടെ ജ്വല്ലറിയുമായി സഹകരിക്കുന്നത് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര നിയമോപദേശം തേടി. ജ്വല്ലറിയുമായുള്ള പരസ്യകരാർ റദ്ദാക്കുന്നത് സംബന്ധിച്ചാണ് പ്രിയങ്ക നിയമവിദഗ്ധരുമായി ചർച്ച നടത്തിയത്. പരസ്യത്തിൽ അഭിനയിച്ചതിന്റെ പണം ലഭിക്കാത്തതിനെ തുടർന്ന് താരം കോടതിയെ മീപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം നീരവിനെതിരെ നടി നിയമനടപടികൾ സ്വീകരിച്ചുവെന്ന വാർത്തകൾ തെറ്റാണെന്ന് പ്രിയങ്കയുടെ വക്താവ് പ്രതികരിച്ചു. സാന്പത്തികതട്ടിപ്പിെൻറ പശ്ചാത്തലത്തിൽ പരസ്യകരാറിൽ റദ്ദാക്കുന്നത് സംബന്ധിച്ച് നിയമോപദേശമാണ് തേടിയത്. 2017 ജനുവരി മുതൽ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറാണ് പ്രിയങ്ക ചോപ്ര.