ന്യൂയോർക്ക്: ബാങ്ക് തട്ടിപ്പുകാരൻ നീരവ് മോദി ലണ്ടനിലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിംഗപ്പുർ പാസ്പോർട്ട് ഉപയോഗിച്ചാണ് മോദി യാത്ര ചെയ്യുന്നത്. ഇയാളുടെ സഹോദരൻ നിശാൽ മോദി ബെൽജിയത്തിലെ ആന്റ്വെർപ്പിലുണ്ട്.
ബെൽജിയത്തിന്റെ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാളുടെ യാത്രകൾ. നീരവിന്റെ സഹോദരി പൂർവി മെഹ്തയ്ക്കും ബെൽജിയൻ പാസ്പോർട്ടുണ്ട്. ഇവർ ഇപ്പോൾ ഹോങ്കോംഗിലാണുള്ളതെന്നും ഇഡി വെളിപ്പെടുത്തി.
പൂർവിയുടെ ഭർത്താവ് റോസി ബ്ലു ഡയമണ്ട്സിലെ മായങ്ക് മെഹ്ത ബ്രിട്ടീസ് പാസ്പോർട്ടാണ് ഉപയോഗിക്കുന്നത്. ഈ പാസ്പോർട്ടിൽ ഇയാൾ ഹോങ്കോംഗിൽനിന്നു ന്യൂയോർക്കിലേക്കു തുടർച്ചയായി യാത്രകൾ നടത്തുന്നുണ്ടെന്നാണ് ഇഡിക്കു ലഭിച്ചിട്ടുള്ള വിവരം. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട ഇവർക്കെല്ലാം ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ആരും ഈ നോട്ടീസുകൾ വകവച്ചിരുന്നില്ല.
ഇന്ത്യൻ സർക്കാർ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയിൽ മുംബൈയിൽനിന്ന് യുഎഇയിലേക്കു കടന്നതാണ്.
മാർച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗിൽ നിരവധി സ്ഥാപനങ്ങൾ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടർന്ന് മോദിയെ പിടികൂടാൻ സർക്കാർ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നു. അവിടെനിന്ന് അമേരിക്കയിലേക്കും കടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഹോങ്കോംഗിലുണ്ടെന്ന വിവരം സ്ഥിരീകരിച്ചതോടെ ചൈനയുടെ പ്രത്യേക ഭരണനിയന്ത്രണത്തിലൂള്ള ഹോങ്കോംഗ് അറസ്റ്റിനുള്ള അനുമതി നല്കിയിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് മോദി ലണ്ടനിലേക്കു കടന്നത്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചാൽ പിടികൂടാനുള്ള സാധ്യത മനസിലാക്കി ബെൽജിയൻ പാസ്പോർട്ട് ഉപയോഗിച്ചായിരുന്നു ഹോങ്കോംഗിൽനിന്നു കടന്നത്.