എടത്വ: നീരേറ്റുപുറം, എടത്വ, പാലത്തിലെ വഴിവിളക്കുകൾ കൂട്ടത്തോടെ കണ്ണടച്ചു. ഇരുളിന്റെ മറവിൽ മാലിന്യം തള്ളുന്നതായി പരാതി. അന്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലെ എടത്വ, നീരേറ്റുപുറം എന്നീ സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്ന രണ്ട് പാലങ്ങളിലെ വഴിവിളക്കുകൾ കൂട്ടത്തോടെ കണ്ണടച്ചിട്ട് മാസങ്ങൾ. എടത്വ കോളജ് പാലത്തിൽ മാത്രം അന്പതോളം തെരുവുവിളക്കുകളാണ് ഉള്ളത്.
സ്വകാര്യ പരസ്യ ബോർഡായി സ്ഥാപിച്ചിരിക്കുന്ന വിളക്കുകൾക്ക് പുറമെ മൂന്ന് വലിയ വിളക്കുകളും ഉണ്ട്. എടത്വ സെന്റ് ജോർജ്ജ് ഫൊറോനാപള്ളിയിൽ ദിവസവും നൂറ് കണക്കിന് തീർഥാടകരാണ് എത്തുന്നത്. നീരേറ്റുപുറത്ത് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചിരുന്ന ഇരുന്പ് പോസ്റ്റുകൾ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്.
പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിന് അൻപത് മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പാലത്തിൽ വഴിവിളക്ക് പ്രകാശിക്കാതെ വന്നതോടെ മാലിന്യങ്ങൾ നീരേറ്റുപുറം പന്പയാറ്റിലേക്ക് തള്ളുകയാണ്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ തമ്മിൽ വേർതിരിക്കുന്ന പാലമായതിനാൽ പഞ്ചായത്ത് അധികൃതരും വഴിവിളക്ക് സ്ഥാപിക്കാൻ മുൻകൈ എടുക്കാറില്ല. ഇത് കണക്കുകൂട്ടിയാണ് മാലിന്യങ്ങൾ നദിയിലേക്ക് തള്ളുന്നത്.
കഴിഞ്ഞ വർഷം പാലത്തിന് പടിഞ്ഞാറേ കരയിലെ റോഡിൽ തള്ളിയ കക്കൂസ് മാലിന്യം തകഴിയിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കിണഞ്ഞ് പരിശ്രമിച്ചാണ് മാറ്റിയത്. ദിവസങ്ങളോളം പ്രദേശത്ത് രൂക്ഷഗന്ധം പരക്കുകയും, കച്ചവട സ്ഥാപനങ്ങൾ അടച്ചിടുകയും ചെയ്തിരുന്നു.
തകഴി, കേളമംഗംലം, ചെക്കിടിക്കാട് പാലത്തിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. ഇവിടെയും വഴിവിളക്കിന്റ അഭാവത്തിൽ ഒരുമാസം മുൻപ് ചെക്കിടിക്കാട് പറത്തറ പാലത്തിൽ അറവ് മാലിന്യം തള്ളിയിരുന്നു. തകഴി വലിയപാലത്തിന് താഴെയും കേളമംഗലം പാലത്തിലും മാലിന്യം തള്ളിയിരുന്നു. വൈദ്യുതി വിളക്ക് ഇല്ലാത്തതാണ് പാലങ്ങൾ തിരഞ്ഞെടുക്കാൻ കാരണം.
നദിയിലേയും, തോടുകളിലേയും ജലലഭ്യത ആശ്രയിക്കുന്നവരാണ് ഏറെയും ദുരിതത്തിലാകുന്നത്. വഴിവിളക്ക് കത്തിക്കാനുള്ള നടപടി പഞ്ചായത്ത് അധികൃതർ അടിയന്തിരമായി ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.