അടിമാലി: വേനൽ കടുത്തുതുടങ്ങിയതോടെ നീർച്ചാലുകൾ വറ്റിത്തുടങ്ങി. ചീയപ്പാറയിലും കൊരങ്ങാട്ടി തോട്ടിലുമെല്ലാം വെള്ളത്തിന്റെ ഒഴുക്ക് നാമമാത്രമായി. പ്രളയകാലത്തിനുശേഷം വരുന്ന രണ്ടാമത്തെ വേനൽകാലം കടുത്താലെങ്ങനെയാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
കഴിഞ്ഞ വർഷത്തിൽ കാര്യമായ കുടിവെള്ളക്ഷാമം പൊതുവെ അനുഭവപ്പെട്ടില്ലെങ്കിലും ചില മേഖലകളെ ബാധിച്ചിരുന്നു. നദികളിലും തോടുകളിലും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞെങ്കിലും കിണറുൾപ്പെടെയുള്ള ജലസ്രോതസുകളിൽ വെള്ളം ആനുപാതികമായി കുറയാത്തത് ആശ്വാസമാണ്.
കുരങ്ങാട്ടി മലഞ്ചെരുവിലൂടെ കളകളാരവം പൊഴിച്ച് കരിങ്കൽ തട്ടുകളിലൂടെ പാൽനുരപോലെ ഒഴുകിയിരുന്ന തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ അടിമാലിയുടെ സൗന്ദര്യത്തിന്റെ മാറ്റ് കുറച്ചുകളഞ്ഞു. ജലസമൃദ്ധമായ ജലപാതം അടിമാലിയിലെയും സമീപ പ്രദേശങ്ങളിലെയും കാർഷിക മേഖലയ്ക്കടക്കം ഗുണകരമായിരുന്നു.
മൂന്നാർ യാത്രികർക്ക് മനസും ശരീരവും കുളിർപ്പിച്ച് പ്രിയങ്കരമായിരുന്ന ചീയപ്പാറ വെള്ളച്ചാട്ടവും താല്കാലികമായി വിസ്മൃതിയിലേക്ക് മടങ്ങുകയാണ്. വെള്ളമില്ലെങ്കിലും സഞ്ചാരികൾ ചീയപ്പാറയിൽ വാഹനങ്ങൾ നിർത്തി വിശ്രമിച്ചശേഷമാണ് ഇപ്പോഴും യാത്ര തുടരുക.
അന്നത്തെ അന്നത്തിനായി സഞ്ചാരികളെ കാത്തിരിക്കുന്ന കുരങ്ങൻമാരെ ആരും നിരാശരാക്കാറില്ലെന്നത് മറ്റൊരു കാര്യം. ഇനി ഒറ്റപ്പെട്ട മഴകളെത്തണം, അല്ലെങ്കിൽ കാലവർഷം കനിയണം ഇവയിലൊക്കെ ജലസമൃദ്ധി കൈവരാൻ.