കോട്ടയം: നീറിക്കാട് മൂന്നുവീടുകളിൽ മോഷണം നടത്തിയ സംഘം പ്രത്യേക പരിശീലനം നേടിയവരെന്ന് പോലീസ്. മാസങ്ങൾ നീണ്ട മോഷണ പരിശീലനത്തിനൊടുവിലാണ് ഇവർ പുറത്തിറങ്ങുന്നത്. മോഷ്ടാക്കളെ പരിശീലിപ്പിക്കുന്നതിനായി തമിഴ്നാട്ടിലെ ശിവഗംഗ, രാമനാഥപുരം തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക പരിശീലന കേന്ദ്രങ്ങളുമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പരിശീലനത്തിനെത്തുന്ന കുട്ടിമോഷ്ടാക്കളുടെ ശരീരത്ത് ബ്ലേഡ് ഉപയോഗിച്ച് ചെറിയ മുറിവുകൾ ആദ്യം ഉണ്ടാക്കും. തുടർന്ന് മുറിവിൽ മുളകുപൊടി പുരട്ടും. അതിനുശേഷം ഏറെ നേരം കൈ പിന്നിലേക്ക് കെട്ടി ഇവരെ നിർത്തും.
മോഷണത്തിനിടെ ഏതെങ്കിലും കാരണത്താൽ പോലീസ് പിടിയിലായാൽ ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ആയുധപരിശീലനവും പോലീസിനെ വെട്ടിച്ചു കടന്നുകളയാനുള്ള തന്ത്രങ്ങളും ഇത്തരം പരിശീലനകേന്ദ്രങ്ങളിൽ മോഷ്്ടാക്കളെ പരിശീലിപ്പിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
നീറിക്കാട്ട് മോഷണം നടത്തി പോലീസ് പിടികൂടിയ ശെൽവരാജ്(50), സിക്കൽ രാജ്കുമാർ (21) എന്നിവരുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ചുണ്ടാക്കിയ നിരവധി മുറിവുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.പ്രതികളെ കസ്റ്റഡിയിൽ വാങ്ങും
കോട്ടയം: നീറിക്കാട് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടുകവർച്ച നടത്തി ദന്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണം കവർന്ന കേസിൽ പിടിയിലായ പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. തമിഴ്നാട് ശിവഗംഗ ടൗണ്‍ രാജാ ബൈ സ്കൂളിനു പിൻവശത്തു താമസക്കാരനായ ശെൽവരാജ്(50), രാമനാഥപുരം സായിക്കുടി സിക്കൽ രാജ്കുമാർ (21) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്.
രാജ്കുമാറിന്റെ സഹോദരൻ രാമനാഥപുരം സായിക്കുടി സിക്കൽ അരുണ്‍ രാജ്(24) പോലീസിനെ വെട്ടിച്ചു കടന്നു. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഉൗർജിതമാക്കി. ഇതിനായി അഞ്ചു പേരടങ്ങുന്ന പോലീസ് സംഘം ശിവഗംഗ, രാമനാഥപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ട്. ഉടൻതന്നെ മൂന്നാമത്തെ പ്രതിയും പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പോലീസ് ഉദ്യോഗസ്ഥർ.