ആലപ്പുഴ: നഗരത്തിൽ കനാൽക്കരയിലുള്ള മരങ്ങളിൽ ചേക്കേറിയ നീർക്കാക്ക മൂലം റോഡിലൂടെ സഞ്ചരിക്കാനാവാത്ത അവസ്ഥ. വിനോദസഞ്ചാരികളടക്കം നിരവധിപേരുടെ തലയിലും വസ്ത്രത്തിലും നീർക്കാക്കയുടെ ദുർഗന്ധം വമിക്കുന്ന കാഷ്ടം വീഴുന്നത് പതിവായി. കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാന കലോത്സവത്തിനു മറ്റു ജില്ലകളിൽനിന്നുമെത്തിയ കുട്ടികളടക്കം നിരവധിപേർക്കും നീർക്കാക്കയുടെ കാഷ്ഠാഭിഷേകം ലഭിച്ചായിരുന്നു.
കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരുമാണ് ദുരിതം കൂടുതൽ അനുഭവിക്കുന്നത്. പലരും ഇതുവഴിയുള്ള യാത്ര അവസാനിപ്പിച്ചു മറ്റു വഴികളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഇവ ഭക്ഷിച്ചിടുന്ന മീനിന്റെ അവശിഷ്ടത്തിൽ നിന്നും വമിക്കുന്ന അസഹ്യമായ ദുർഗന്ധവും മൂലം നഗരം ചീഞ്ഞുനാറുകയാണ്. പ്രദേശം പകർച്ച വ്യാധി ഭീഷണിയിലാണ്.
നഗരത്തിലെ വാടക്കനാൽ, കൊമേഴ്സ്യൽ കനാൽ തീരങ്ങളിലെ വൻ മരങ്ങളിലാണ് നീർകാക്ക കൂട്ടത്തോടെ ചേക്കേറുന്നത്. കനാലിന് ഇരുവശവും ജില്ലാ കോടതി മുതൽ ശവക്കോട്ടപ്പാലം വരെ ഇവയുടെ കാഷ്ഠം വീണ് റോഡ് വെള്ള പൂശിയ നിലയിലാണ്. കാൽനട യാത്രക്കാരാകട്ടെ മൂക്കുപൊത്തി ഓടുകയാണ്.
സമീപത്തെ ഷോപ്പുകളിലെ കച്ചവടത്തെപ്പെലും പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം ആലപ്പുഴയുടെ ടൂറിസത്തിന് തന്നെ അപമാനമാകുകയാണ് ഇതുവഴിയുളള യാത്ര. പക്ഷിപ്പനി, നിപ്പ, പ്രളയം തുടങ്ങി പല പ്രതിസന്ധികളിലൂടെ കടന്നുപോയ ടൂറിസം മേഖല തകർന്നടിഞ്ഞിരിക്കുകയാണ്.
ഇനിയൊരു ദുരന്തംകൂടി ഏറ്റു വാങ്ങാൻ ഈ മേഖലയിലുള്ളവർക്കാവില്ലെന്ന യാഥാർഥ്യം മനസിലാക്കി അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത്രയും ഭീതിജനകമായ ഒരു അവസ്ഥയുണ്ടായിട്ടും ഇതൊന്നുമറിയാതെ നഗരസഭ അധികൃതർ മൗനം പാലിക്കുകായാണ്.
ലക്ഷക്കണക്കിനു വരുന്ന നീർക്കാക്കയുടെ ശല്യം വേന്പനാട്ടുകായലിലും സമീപകായലുകളിലും ദിനംപ്രതി വർധിക്കുകയാണ്. ഉപരിതലത്തിൽ കാണുന്ന പരൽ, മൊരശ്, കോല, പള്ളത്തി, ചൂടൻ തുടങ്ങിയ ചെറു മത്സ്യങ്ങൾ വൻതോതിൽ ഇവ തിന്നൊടുക്കുന്നതു മൂലം കായലുകളിൽ ചെറുമീനിന്റെ സാന്നിധ്യം ക്രമാതീതമായി കുറയുന്നുണ്ടെന്നാണ് മത്സ്യബന്ധനക്കാർ പറയുന്നത്.
ഒരു ദിവസം 250 ഗ്രാം മത്സ്യംവരെ ഒരു നീർകാക്ക തിന്നൊടുക്കുന്നതായാണ് കണക്ക്. ഇവ വൻതോതിൽ ചേക്കകേറുകയും കൂടുകൂട്ടുകയും ചെയ്യുന്ന കായൽതീരങ്ങളിലെ ജനജീവിതവും ദുരിതപൂർണമാകുകയാണ്.