തിരുവല്ല; പമ്പാ – മണിമല നദികളില്‍ നീര്‍നായ ശല്യം രൂക്ഷമാകുന്നു. കടുത്ത വേനലില്‍ കിണറുകളും നീര്‍ച്ചാലുകളും വറ്റിയതോടെ നദികളെ ആശ്രയിക്കുന്ന തീരവാസികള്‍ നീര്‍നായ ശല്യം മൂലം ഭയാശങ്കയിലായി. വസ്ത്രം കഴുകാനോ കുളിക്കാനോ നദികളില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. കുളിക്കടവുകളില്‍ ഇറങ്ങുന്നവരെ നീര്‍നായ കൂട്ടത്തോടെ ആക്രമിക്കുകയാണ് ചെയ്യുന്നത്. കുളിക്കാനിറങ്ങിയ നിരവധി പേര്‍ക്ക് നീര്‍നായയുടെ കടി ഏറ്റതോടെ ആളുകള്‍ ഭയാശങ്കയിലാണ്.
വെള്ളത്തിലും കരയിലും ജീവിക്കാന്‍ കഴിയുന്ന നീര്‍നായ വെള്ളത്തിനടിയില്‍ 15 മുതല്‍ 20 മണിക്കൂര്‍ വരെ ശ്വാസം പിടിച്ച് കഴിയും. കൂടാതെ വെള്ളത്തിലൂടെ അതിവേഗത്തില്‍ നീന്താന്‍ കഴിയുന്ന ഇവയെ തുരത്താന്‍ കഴിയാത്ത അവസ്ഥയാണ്. കൂട്ടമായി കഴിയുന്ന ഇവയുടെ പ്രധാന ആഹാരം മത്സ്യങ്ങളാണ്. മത്സ്യ ലഭ്യത കുറഞ്ഞാല്‍ കരയില്‍ കയറി കോഴികളെയും മറ്റും പിടിച്ചു തിന്നുകയാണ് പതിവ്. കൂടാതെ ഉള്‍നാടന്‍ മത്സ്യ ബന്ധന തൊഴിലാളികളുടെ വലകളും ഇവ നശിപ്പുക പതിവായിട്ടുണ്ട്.
നദികളിലേക്ക് ചാഞ്ഞു നില്ക്കുന്ന പരുത്തികളും മുളങ്കാടുകളുമാണ് ഇവയുടെ ആവാസ കേന്ദ്രം. നായയുടെ രൂപത്തിലുള്ള ഇവയ്ക്ക് ഇരുട്ട് തവിട്ട് നിറമാണുള്ളത്. കൂര്‍ത്ത് മൂര്‍ച്ചയേറിയ വളഞ്ഞ പല്ലുകള്‍ ഉള്ളതിനാല്‍ ഇവയെ പിടികൂടാനോ നിര്‍മ്മാര്‍ജ്ജനം ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്.
പഴയ കാലങ്ങളില്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രം കണ്ടു വന്ന നീര്‍നായ ഇപ്പോള്‍ നദികളില്‍ എല്ലായിടത്തും ഇതിന്റെ സാന്നിധ്യമുണ്ട്. ഇതിന്റെ കടിയേറ്റവര്‍ക്ക് പേ വിഷബാധക്കെതിരെയുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഈ മരുന്നുകള്‍ പലപ്പോഴും താലൂക്ക് ആശുപത്രികളിലോ ഹെല്‍ത്ത് സെന്ററുകളിലോ ലഭ്യമല്ലാത്തതിനാല്‍ കടിയേറ്റവര്‍ മിക്കവാറും കോട്ടയം മെഡിക്കല്‍ കോളജിലാണ് ചികിത്സ തേടുന്നത്.
ഇവയുടെ ആവാസം മൂലം നദികളിലെ മത്സ്യ സമ്പത്ത് കുറയാന്‍ കാരണമായിട്ടുണ്ട്. ഇവക്കെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഇനിയുള്ള നാടുകള്‍ വേനല്‍ കടുക്കുന്നതോടെ നദികളെ ആശ്രയിക്കുന്ന ജനങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ്.