കൊടിയത്തൂർ: ഇരുവഴിഞ്ഞിപ്പുഴയിലെ നീർനായ ആക്രമണത്തിൽ പൊറുതിമുട്ടി പുഴയോരവാസികൾ. കഴിഞ്ഞ ദിവസം കൊടിയത്തൂർ, പാഴുർ, ചേന്ദമംഗല്ലൂർ നിവാസികളായ നാലുപേരെയാണ് നീർനായ കടിച്ചത്. ഇതിൽ കൊടിയത്തൂർ കാരാട്ട് സലാമിന്റെ മകൾ ഫാത്തിമ നജയുടെ കാലിൽ മൂന്നിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്.
ആക്രമണത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ അറുപതിലധികം പേർക്കാണ് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.കാരശേരി, കൊടിയത്തൂർ, കോട്ടമുഴി, ഇടവഴികടവ്, പുതിയോട്ടിൽ, ചാലക്കൽ, കരാട്ട്, പുത്തൻവീട്ടിൽ എന്നിവിടങ്ങളിലാണ് ഒറ്റക്കും കൂട്ടമായും നീർനായകൾ സഞ്ചരിക്കുന്നത്.
ഒരു വർഷം മുൻപ് ഇവയുടെ ആക്രമണം രൂക്ഷമായപ്പോൾ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ ആർആർടി സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.വേനൽ കനത്തതോടെ കിണറുകളിലേയും മറ്റ് ജലസ്രോതസുകളിലേയും ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് നിരവധി പേരാണ് വിവിധ ആവശ്യങ്ങൾക്കായി പുഴയെ ആശ്രയിക്കുന്നത്.
എന്നാൽ നീർനായയുടെ ആക്രമണം രൂക്ഷമായതോടെ ഇവർ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏത് സമയത്തും ആക്രമണം പ്രതീക്ഷിച്ചാണ് പലരും പുഴയിലിറങ്ങുന്നത്.വെള്ളത്തിനടിയിലൂടെയാണ് നീർനായ ആക്രമിക്കുക എന്നതിനാൽ പെട്ടെന്ന് രക്ഷപ്പെടാൻ കഴിയില്ല.
നീർനായയുടെ ആക്രമണത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിനും വനംവകുപ്പിനും നിരവധി തവണ പരാതി നൽകിയിട്ടും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ഇരുവഴഞ്ഞിപ്പുഴയെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളുമായി നിരവധി സംഘടനകൾ മുന്നോട്ടു പോകുമ്പോൾ നീർനായയുടെ ആക്രമണം രൂക്ഷമാകുന്നത് ജനങ്ങളെ പുഴകളെ ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു.