പള്ളുരുത്തി: കായലിൽ കുളിക്കുന്നതിനിടെ നീർനായകളുടെ കടിയേറ്റ് എട്ടുവയസുകാരന് പരിക്ക്. കുമ്പളങ്ങി കല്ലഞ്ചേരി പനക്കൽ വീട്ടിൽ ഡാമിയന്റെ മകൻ സയനാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവെയ്പ്പ് നടത്തി. സയന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്.
ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള കായലിൽ കുളിക്കാനിറങ്ങിയ സയനു നേരെ നീർനായകൾ കൂട്ടത്തോടെ പാഞ്ഞടുത്ത് കടിക്കുകയായിരുന്നു. കൈയിലും തുടയിലും വിരലുകളിലും കടിയേറ്റിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവാണ് കുട്ടിയെ രക്ഷിച്ച് കരയിൽ എത്തിച്ചത്.