മുക്കം: ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം തുടർകഥയാവുന്നു. കോട്ടക്കുഴി കുളിക്കടവിൽ കുളിക്കുകയായിരുന്ന അതിഥിതൊഴിലാളികളായ വഹിദുൽ ഇസ്ലാം (24 ), ശബിലി(25) എന്നിവർക്കാണ് ഇന്നലെ കടിയേറ്റത്.
രണ്ട് പേരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ നിരവധി പേർക്കാണ് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
കാരശേരി, കൊടിയത്തൂർ, കോട്ടമുഴി, ഇടവഴികടവ്, പുതിയൊട്ടിൽ, ചാലക്കൽ, കരാട്ട്, പുത്തൻ വീട്ടിൽ എന്നിവിടങ്ങളിലാണ് ഒറ്റയ്ക്കും കൂട്ടമായും നീർനായകൾ വിഹരിക്കുന്നത്.
പുഴയുടെ ഇരുകരകളിലുമുള്ള ജനങ്ങള്‍ക്ക് വെള്ളത്തില്‍ ഇറങ്ങി കുളിക്കുവാനോ വസ്ത്രം കഴുകുവാനോ കഴിയാത്ത അവസ്ഥയാണ്. വെള്ളത്തിനടിയിലൂടെയുള്ള ആക്രമണമായതിനാൽ പെട്ടെന്ന് രക്ഷപെടാനും സാധിക്കുന്നില്ല.