പുതുക്കാട്: മുപ്ലിയത്ത് കുറുമാലി പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയ്ക്കും മകനും നീർനായ ആക്രമണത്തിൽ പരിക്കേറ്റു. മുപ്ലിയം പിടിക്കപറന്പ് എടപറന്പിൽ രഘുവിന്റെ ഭാര്യ സംഗീത (37), മകൻ യദുകൃഷ്ണ (11) എന്നിവർക്കാണു പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പിടിക്കപറന്പ് തേവര് കടവിൽ കുളിക്കുന്നതിനിടെ യദുകൃഷ്ണയെ നീർനായ ആക്രമിക്കുകയായിരുന്നു.
മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു സംഗീതയ്ക്കു നീർനായയുടെ കടിയേറ്റത്. യദുകൃഷ്ണയുടെ കൈയിലും തോളിലും പരിക്കേറ്റു.സംഗീതയുടെ കാലിനാണ് പരിക്കേറ്റത്.
പരിക്കേറ്റ ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടുത്തിടെ കുറുമാലിപുഴയിൽ പലഭാഗങ്ങളിലായി നീർനായയുടെ ശല്യം പെരുകിയതായി പരാതിയുണ്ട്.