തലയോലപ്പറന്പ്: കരിയാറിൽ എക്കൽ നിറഞ്ഞ് നീരൊഴുക്കു കുറയുന്നത് ജലഗതാഗതത്തെ തടസപ്പെടുത്തുന്നു. പുഴയിൽനിന്നു ഫലഭൂയിഷ്ടമായ എക്കൽ തൊഴിലാളികൾ വള്ളങ്ങളിൽ കോരി കൊണ്ടുപോയിരുന്നത് ഏറെക്കുറെ പൂർണമായി അവസാനിച്ചതോടെയാണ് ജലാശയങ്ങളിൽ അവശിഷ്ടങ്ങൾ ചീഞ്ഞളിച്ച് നിക്ഷേപിക്കപ്പെട്ടു ആഴംകുറയുകയും ചെയ്തത്.
കനത്ത തോതിൽ ചെളിനിറഞ്ഞ് നീരൊഴുക്കു തടസപ്പെടുന്ന വിധത്തിലായ ഭാഗങ്ങളിൽ ആന്പലടക്കമുള്ള ജലസസ്യങ്ങളും തഴച്ചുവളരുന്നു. തലയോലപ്പറന്പ്-കടുത്തുരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കരിയാറിനു കുറുകെ നിർമ്മിച്ച എഴുമാംതുരുത്തു പാലത്തിന്റെ അടിഭാഗവും സമീപ സ്ഥലങ്ങളും എക്കൽ നിറഞ്ഞ് നീരൊഴുക്കു തടസപെടുകയാണ്.
എഴുമാംതുരുത്ത് പാലത്തിനു സമീപത്തുള്ള പുതുശേരിക്കടവ് ജെട്ടിയിൽ വെള്ളമില്ലാത്തതിനാൽ വള്ളങ്ങളും ഹൗസ് ബോട്ടുകളും അടുപ്പിക്കാനാവുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കഷ്ടിച്ചു ഒന്നര അടിയോളം വെള്ളമുള്ള ഇവിടെ ചരക്കു കയറ്റി വരുന്ന വള്ളങ്ങൾ ഉറക്കുകയാണ്. കരിയാറിലെ മറ്റൊരു ജെട്ടിയായ കാന്താരിക്കടവിന്റെ സ്ഥിതിയും പരിതാപകരമാണ്. വൈക്കത്തെയും സമീപ പ്രദേശങ്ങളിലേയും ഉൾനാടൻ ജലാശയങ്ങളിൽ ജലഗതാഗതം ഏറ്റവും കൂടുതലുള്ള ജലാശയങ്ങളിൽ ഒന്നാണ് കരിയർ.
റോഡുഗതാഗതം സാധ്യമാകാത്ത മുണ്ടാർ അടക്കമുള്ള പ്രദേശങ്ങളിലെ നിർ ധനകുടുംബങ്ങൾ ചെറുവള്ളങ്ങളെ ആശ്രയിച്ചാണ് പുറം ലോകവുമായി ബന്ധപ്പെടുന്നത്. ഉൾനാടൻ മൽസ്യതൊഴിലാളികളും പുല്ലു ചെത്തുതൊഴിലാളികളും കരിയാറിൽ എക്കൽ നിറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
മുണ്ടാർ വിനോദസഞ്ചാരികളുടെ പറുദീസമായി മാറിയതോടെ വിദേശികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഹൗസ് ബോട്ടുകളിൽ ജലസമൃദ്ധമായ മുണ്ടാറിന്റെ വന്യസൗന്ദര്യം നുകരാനെത്തുന്നുണ്ട്. കരിയാറിനോടു അനുബന്ധിച്ചുള്ള പാടശേഖരങ്ങളുടെ പുറംബണ്ടുകളൊക്കെ ഇടിഞ്ഞുതാണ നിലയിലാണ്.
വർഷകാലത്ത് നികന്നുകിടക്കുന്ന ആറിൽ വെള്ളം നിറഞ്ഞു സമീപപ്രദേശങ്ങളിലെ കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലുമാകുന്നു. കരിയാറിലെ എക്കൽ നീക്കി നീരൊഴുക്കു ശക്തിപ്പെടുത്താൻ നിരവധി പദ്ധതികൾ തയാറാക്കിയെങ്കിലും ഒന്നും പ്രാവർത്തികമായില്ല. കരിയാറിലെ എക്കൽ നീക്കി നീരൊഴുക്കു ശക്തമാക്കുന്നതിനു സർക്കാർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.