നാദാപുരം: വാണിമേൽ ചിറ്റാരിക്കാരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനായി നിര്‍മിച്ച പദ്ധതികളൊക്കെയും പരാജയപ്പെടുമ്പോഴും നാട്ടുകാരുടെ കുടിവെള്ള പ്രശനത്തിന് പരിഹാരമാകുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ നീരുറവ. ഒരിക്കലും വറ്റാത്ത ഈ നീരുറവയില്‍ നിന്നും നിത്യേന മുപ്പത് വീടുകളിലേക്കാണ് മുഴുവന്‍ സമയം വെള്ളമെടുക്കുന്നത്. ഒരു വരള്ച്ചയിലുംവറ്റാത്ത അത്ഭുത നീരുറവ ജനങ്ങളില്‍ ജിജ്ഞാസ ഉയര്‍ത്തുകയാണ്.
ചിറ്റാരി ഗവ: എല്‍പി സ്കൂളിന്റെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് നീരുറവയുള്ളത്. സ്ഥലമുടമയായ വാണിമേല്‍ സ്വദേശി നെല്ലിക്കുന്നുമ്മല്‍ ഹമീദും കുടുംബവും ഈ നീരുറവ നാട്ടുകാര്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. നിരവധി ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന ചിറ്റാരി പ്രദേശത്തിന്റെ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി ഗ്രാമപഞ്ചായത്തും പട്ടികവര്‍ഗ വികസന വകുപ്പും നിരവധി കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു.
എന്നാല്‍ ഏറ്റവും ഒടുവിലായി നടത്തിയ പ്രവൃത്തിക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ടെങ്കിലും പദ്ധതി ഉപകാരപ്പെട്ടിട്ടില്ല. ചിറ്റാരിയില്‍ കിണറും ടാങ്കും സ്ഥാപിച്ചിട്ടും പമ്പിംഗ് നടത്താന്‍ സാധിക്കുന്നില്ല. ഉപയോഗശൂന്യമായ കിണറും ടാങ്കും ഏതൊരാള്‍ക്കും കാണാവുന്ന സ്ഥിതിയിലാണ്.
പ്രസ്തുത ടാങ്കിന്റേയും കിണറിന്റേയും മുകള്‍ ഭാഗത്ത് അര കിലോമീറ്റര്‍ മാറിയാണ് അക്ഷയഖനിയായ നീരുറവ. ഇവിടെ നിന്നും കിലോമീറ്ററുകളോളം ദൂരത്തില്‍ പൈപ്പിട്ടാണ് നിരവധി കുടുംബങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നത്. ഏപ്രില്‍ മെയ് മാസങ്ങളിലും ഇവിടെ ഒരേ നിരപ്പില്‍ വെളളം നില നില്‍ക്കുന്നുണ്ട്.
വര്‍ഷങ്ങളായി ജനങ്ങളുടെ ജലസ്രോതസ്സായി ഉപയോഗിക്കുന്ന ഈ നീരുറവ ഇടക്കാലത്ത് അധികൃതര്‍ മതില് കെട്ടി സംരക്ഷിച്ചുവെങ്കിലും കൂടുതല്‍ പരിഷ്കരണം നടത്തി നാട്ടുകാര്‍ക്ക് എപ്പോഴും കുടിവെളളം കിട്ടാനുളള സൗകര്യം ഒരുക്കണമെന്നാണ് ഹമീദും കുടുംബവും പറയുന്നത്.