ജിബിൻ കുര്യൻ
കോട്ടയം: ആരുടെയും കണ്ണുനിറയ്ക്കുന്ന ദുരിതങ്ങളുടെ വേലിയേറ്റങ്ങൾക്കിടയിൽ മിന്നിത്തിളങ്ങി, നീറ്റ് പരീക്ഷയിൽ മഞ്ജുഷയ്ക്ക് 77-ാം റാങ്ക്. ദർശന അക്കാദമിയുടെ കരുതലാണ് ദുരിതങ്ങൾക്കിടയിലും മഞ്ജുഷയ്ക്കു പ്രോത്സാഹനമായത്.
അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആലപ്പുഴ തത്തംപള്ളി തെക്കേവിളിയിൽ പരേതനായ പുരുഷോത്തമന്റെയും ചെല്ലമ്മയുടെ മകളായ കെ.പി. മഞ്ജുഷ എസ്സി വിഭാഗത്തിലാണ് 77-ാം റാങ്ക് നേടിയത്.
തീർത്തും നിർധന കുടുംബമാണ് മഞ്ജുഷയുടേത്. ആലപ്പുഴ സെന്റ് ആന്റണീസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചെന്നിത്തലയിലെ നവോദയ വിദ്യാലയത്തിലായിരുന്നു പ്ലസ്ടു പഠനം. ഏഴു വർഷങ്ങൾക്കു മുന്പ് പിതാവ് മരിച്ചതോടെ അമ്മ ചെല്ലമ്മയാണ് മഞ്ജുഷയെയും സഹോദരിയെയും പഠിപ്പിച്ചത്.
മിടുക്കിയായിരുന്നതിനാൽ പ്ലസ്ടുവിനു പഠിക്കുന്പോൾതന്നെ എൻട്രൻസ് പരിശീലനത്തിനു സ്കൂളിലെ അധ്യാപകർ ചേർത്തിരുന്നു. അമ്മ ചെല്ലമ്മയ്ക്കു ലോട്ടറി വില്പനയിലൂടെ ലഭിക്കുന്ന ചെറിയ വരുമാനംകൊണ്ടു മഞ്ജുഷയെ പഠിപ്പിക്കാൻ സാധിക്കാതെ വന്നതോടെ സ്കൂളിലെ അധ്യാപകർ കോട്ടയം ദർശന അക്കാദമിയുമായി ബന്ധപ്പെട്ടു.
ഇതോടെയാണ് മഞ്ജുഷയുടെ ജീവിതത്തിൽ പ്രതീക്ഷയുടെ തിരിതെളിഞ്ഞുതുടങ്ങിയത്. പ്ലസ്ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ മഞ്ജുഷയെ ദർശന അക്കാദമി ഡയറക്ടർ ഫാ.തോമസ് പുതുശേരി സിഎംഐ ദർശനയുടെ തിരുവല്ലയിലെ കോച്ചിംഗ് സെന്ററിൽ ചേർത്തു.
ഹോസ്റ്റലിൽ താമസ സൗകര്യം നൽകുകയും പഠനത്തിനാവശ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്തു. ആദ്യ തവണത്തെ പരീക്ഷയിൽ ഒരു ലക്ഷത്തിമൂവായിരമായിരുന്നു റാങ്ക്. ദർശനയിലെ അധ്യാപകരുടെ അകമഴിഞ്ഞ പ്രോത്സാഹനവും മഞ്ജുഷയുടെ കഠിനാധ്വാനവും കൂടിയായപ്പോൾ ഇത്തവണ 720ൽ 563 മാർക്കു വാങ്ങി എസ്സി വിഭാഗത്തിൽ 77-ാം റാങ്ക് നേടുകയായിരുന്നു.
അക്കാദമിയിലെ മോഡൽ പരീക്ഷയുടെ സമയത്തു മഞ്ജുഷയുടെ അമ്മയ്ക്ക് ഒരു അപകടത്തെത്തുടർന്ന് മാനസിക ബുദ്ധിമുട്ടുകളുണ്ടായി. ഇതോടെ മഞ്ജുഷയും തളർന്നു. മോഡൽ പരീക്ഷയിൽ പിറകോട്ടു പോയതറിഞ്ഞ് ഫാ. പുതുശേരിയുടെ നേതൃത്വത്തിൽ ദർശനയിലെ അധ്യാപകർ മഞ്ജുഷയുടെ അമ്മയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇത് ആശ്വാസമായതോടെ മഞ്ജുഷ വീണ്ടും പഠനത്തിലേക്കു ശ്രദ്ധയൂന്നി. ഇന്നലെ റാങ്ക് വാർത്തയറിഞ്ഞയുടൻ ആശുപത്രിയിൽ കഴിയുന്ന അമ്മയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ആലപ്പുഴയിൽ വീട്ടിൽ ദർശന അക്കാദമി ഡയറക്ടർ ഫാ.തോമസ് പുതുശേരി സിഎംഐയും അധ്യാപകരും വൈകുന്നേരത്തോടെ മധുരവും സമ്മാനവുമായി മഞ്ജുഷയുടെ അടുത്തെത്തി.
മഹേശ്വരിയും സഹോദരീ ഭർത്താവും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരി മഹേശ്വരി സ്നേഹമുത്തം നൽകിയാണ് മഞ്ജുഷയെ വീട്ടിലേക്കു കയറ്റിയത്. റാങ്ക് വാർത്തയറിഞ്ഞ് വാർഡ് കൗണ്സിലർ ബേബി ലൂയിസിന്റെ നേതൃത്വത്തിൽ നാട്ടുകാരും വീട്ടിലെത്തി.
വന്നവർക്കെല്ലാം മധുരം നൽകി. ദർശന അക്കാദമിയിലെ പഠനവും കരുതലുമാണ് തനിക്കു റാങ്ക് കിട്ടാൻ കാരണമായതെന്നും മരിച്ചു പോയ അച്ഛനും ആശുപത്രിയിൽ കിടക്കുന്ന അമ്മയ്ക്കും ഈ റാങ്ക് സമർപ്പിക്കുകയാണെന്നും മഞ്ജുഷ പറഞ്ഞു.
എയിംസിന്റെയും ജിപ്മെറിന്റെയും പരീക്ഷയെഴുതിയിട്ടുണ്ട്. എയിംസിൽ തുടർന്ന് മെഡിസിനു പഠിക്കാനാണ് താത്പര്യം. ഗൈനക്കോളജിയിൽ സ്പെഷലൈസ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും മഞ്ജുഷ പറഞ്ഞു. മഞ്ജുഷയുടെ തുടർപഠനത്തിനുള്ള എല്ലാ സഹായവും ദർശന അക്കാദമി ഏറ്റെടുക്കുമെന്ന് ഫാ.തോമസ് പുതുശേരി അറിയിച്ചു.