ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ്- യുജി) യിൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർഥികളുടെ പുനഃപരീക്ഷ ഇന്നു നടക്കും. ഉച്ചകഴിഞ്ഞു രണ്ടു മുതൽ അഞ്ചുവരെയാണ് പരീക്ഷ. ഫലം ഈ മാസം 30ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി പുറത്തുവിടും. അഡ്മിറ്റ് കാർഡുകൾ എൻടിഎ വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു.
ഹരിയാനയിലെ ഒരേ സെന്ററിൽനിന്ന് മുഴുവൻ മാർക്കും നേടി നീറ്റ് പരീക്ഷ പാസായ ആറു വിദ്യാർഥികളും ഇന്ന് വീണ്ടും പരീക്ഷയെഴുതും. ഇത്തവണ ഈ വിദ്യാർഥികൾ ഒരേ സെന്ററിലായിരിക്കില്ല പരീക്ഷയെഴുതുന്നത്. 67 വിദ്യാർഥികൾക്കാണ് ഇത്തവണ ഒന്നാം റാങ്ക് ലഭിച്ചത്.
എൻടിഎയുടെ ഉദ്യോഗസ്ഥരും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരും പരീക്ഷ നടക്കുന്ന സെന്ററുകളിൽ ഉണ്ടാകും. പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനാണ് ഉദ്യോഗസ്ഥർ പരീക്ഷാകേന്ദ്രത്തിലെത്തുന്നത്. മേയ് അഞ്ചിന് രാജ്യത്തെ 4750 സെന്ററുകളിൽ നടന്ന നീറ്റ് യുജി പരീക്ഷയിൽ 24 ലക്ഷം വിദ്യാർഥികളാണു പങ്കെടുത്തത്.
കഴിഞ്ഞ നാലിന് ഫലം പുറത്തുവന്ന ശേഷം ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളാണ് ഉയർന്നത്. വിഷയം സുപ്രീംകോടതിയിലെത്തിയതോടെ ഗ്രേസ് മാർക്ക് റദ്ദ് ചെയ്യുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്തുമെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു. മേഘാലയ, ഹരിയാന, ഛത്തീസ്ഗഡ്, ഗുജറാത്ത്, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ആറു പരീക്ഷാ കേന്ദ്രങ്ങളിലാണ് ഗ്രേസ് മാർക്ക് സംബന്ധിച്ച വിവാദം ഉയർന്നുവന്നത്.
സ്വന്തം ലേഖകൻ