പരിയാരം: നീറ്റ് പരീക്ഷയിൽ പെൺകുട്ടികളെ വസ്ത്രാക്ഷേപം നടത്തിയെന്ന പരാതിയിൽ അധ്യാപികക്കെതിരെ കേസെടുത്ത പോലീസ് ഇന്ന് അധ്യാപികമാരുടെ മൊഴിയെടുക്കും. പരിയാരം പ്രിൻസിപ്പൽ എസ് ഐ വി.ആർ. വിനീഷിന്റെ നേതൃത്വത്തിൽ വനിതാ പോലീസ് സംഘമായിരിക്കും ഇവരുടെ മൊഴി രേഖപ്പെടുത്തുക. തുടർന്ന് തിരിച്ചറിയലിന് പരാതിക്കാരിയായ പെൺകുട്ടിയെ വിളിച്ചു വരുത്തിയ ശേഷം അധ്യാപികയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യം ലഭിക്കുന്ന നിസാര വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പരാതി ഉന്നയിച്ച പെൺകുട്ടിക്കും വീട്ടുകാർക്കും കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന സമീപനമാണുള്ളതെന്നും പരിയാരം പോലീസ് പറഞ്ഞു. നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയ സംഭവത്തിൽ സ്കൂൾ മാനേജ്മെന്റ് നാല് അധ്യാപികമാരെ സസ്പെൻഡ് ചെയ്തിരുന്നു.
പരീക്ഷാകേന്ദ്രമായിരുന്ന കണ്ണൂർ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികമാരായ ഷീജ, സഫീന, ബിന്ദു, ഷാഹിന എന്നിവരെയാണ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. പരീക്ഷയുമായി ബന്ധപ്പെട്ട് ദേഹപരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട ഇവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി മാനേജർ രേഖാമൂലം അറിയിക്കുകയായിരുന്നു.
ഇതേ മാനേജ്മെന്റിനു കീഴിലെ മറ്റൊരു സ്കൂളിലും ഇവർ പഠിപ്പിക്കുന്നുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്കൂൾ മാനേജ്മെന്റിന്റെയും പോലീസിന്റെയും നടപടികളുണ്ടായത്. ചില വനിതാജീവനക്കാരുടെ അമിതാവേശമാണ് പ്രശ്നങ്ങൾക്കു കാരണമായതെന്ന് ഇന്നലെ സിബിഎസ്ഇ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.