അഞ്ചല്‍: ആയൂര്‍ മാര്‍ത്തോമ കോളജില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ചടയമംഗലത്തെ ഇടനിലക്കാരന് ജോബി ജീവന്.
കരുനാഗപ്പള്ളിയിലെ തന്റെ സുഹൃത്ത് ആവശ്യപ്പെട്ടതുപ്രകാരമാണ് എട്ടുപേരെ താന്‍ നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എത്തിച്ചത്.
അഞ്ഞൂറ് രൂപ വേതനം പറഞ്ഞു സമ്മതിച്ച് തന്റെ മകള്‍ അടക്കം നാലു സ്ത്രീകളെയും നാലു പുരുഷന്മാരെയും ഇവിടെ എത്തിക്കുകയായിരുന്നു.
മെറ്റല്‍ ഡിക്റ്റക്ടര്‍ ഉപയോഗിച്ച് കുട്ടികളുടെ പരിശോധന നടത്തുക മാത്രമാണ് ഇവര്‍ ചെയ്തത്.മറ്റുള്ളവയെല്ലാം നടത്തിയത് കോളജില്നിന്നുള്ളവരാണ്.
പോലീസ് കേസെടുത്തിരിക്കുന്നതും അറസ്റ്റ് ചെയ്തിരിക്കുന്നതും നിരപരാധികളെയാണ്. കോളജിലുള്ള ഉന്നതര്‍ക്ക് അടക്കം ഇക്കര്യത്തില്‍ പങ്കുണ്ട്.
അതൊന്നും അന്വേഷിക്കാതെ യഥാര്‍ഥ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് അറിയിച്ച പോലീസ്, മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തി മകളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്നും ജോബി ജീവന് പറഞ്ഞു. ഇപ്പോള്‍ അറസ്റ്റിലായവരുടെ രക്ഷിതാക്കളും ബന്ധുക്കളും പോലീസ് സ്റ്റേഷനു മുന്നില്‍ പ്ലക്കാര്‍ഡുകളുമായി എത്തി പ്രതിഷേധിക്കുകയും ഡിവൈഎസ്പിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തി മാറ്റിനിര്‍ത്തിയ പെണ്‍കുട്ടികള്‍ക്ക് വസ്ത്രം മാറാന്‍ റൂം തുറന്നു നല്‍കുക മാത്രമാണ് ചെയ്തതെന്ന് കേസില്‍ അറസ്റ്റിലായ മാര്‍ത്തോമ്മ കോളജിലെ സ്വീപ്പര്‍മാരായ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടെ മൊഴിയില്‍ പറയുന്നു.
സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത അഞ്ചുപേരുടെയും ജാമ്യാപേക്ഷ തള്ളിയ കടയ്ക്കല്‍ സിജെഎം കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കേസില്‍ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും കൂടുതല്‍ പേര് പ്രതികള്‍ ആയേക്കുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതി അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തത്.