ആലുവ: യാത്രക്കൂലി ചില്ലറയായി നൽകിയില്ലെന്നതിന്റെ പേരിൽ യാത്രക്കാരിയെ ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കാതെ കൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവർ ഒളിവിൽ. ഇയാളെ കണ്ടെത്താനായി ആലുവ ഈസ്റ്റ് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിയുന്ന ഡ്രൈവർ ഉടൻ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. ആക്രമണത്തിനിരയായ യുവതി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ആലങ്ങാട് കളത്തിപ്പറമ്പിൽ ജോസഫിന്റെ ഭാര്യ നീതയാണ് വനിതാ ദിനത്തിൽ ആലുവ നഗരമധ്യത്തിൽ ക്രൂരമർദനത്തിന് ഇരയായത്. നീതയുടെ തലയ്ക്കും നെറ്റിയിലും കണ്ണിനടിയിലുമാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവര്‍ ആലുവ കുട്ടമശേരി കുഴിപ്പള്ളം ലത്തീഫ് ഒളിവിലാണെന്ന് ആലുവ സിഐ വിശാല്‍ ജോണ്സണ് പറഞ്ഞു.
40 രൂപ യാത്രക്കൂലിയ്ക്ക് 500 രൂപ നൽകിയതാണ് ഓട്ടോ ഡ്രൈവറെ പ്രകോപിപ്പിച്ചതെന്നാണ് പരാതിക്കാരി പറയുന്നത്. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് തൃശൂരിൽ പോയി തിരികെ വന്ന നീത ബൈപാസിലാണ് ഉച്ചയ്ക്ക് മൂന്നോടെ ബസിറങ്ങിയത്.
ഇരുചക്രവാഹനം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് വച്ചിരുന്നതിനാൽ ബൈപാസിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ചു. റെയിൽവേ സ്റ്റേഷൻ വരെയുള്ള ഓട്ടത്തിന് 35 രൂപ നൽകിയപ്പോൾ 40 രൂപ വേണമെന്ന് ഓട്ടോ ഡ്രൈവർ ആവശ്യപ്പെട്ടു. നീത ഏറെ വാദിച്ചെങ്കിലും വിട്ടുകൊടുക്കാൻ ഓട്ടോഡ്രൈവർ തയാറായില്ല. ഒടുവിൽ ചില്ലറ ഇല്ലാത്തതിനാൽ 500 രൂപ നൽകി.
തൊട്ടടുത്ത പമ്പ് കവലയിൽ പോയാൽ ചില്ലറ ലഭിക്കുമെന്ന് പറഞ്ഞ് നീതയെ വീണ്ടും ഓട്ടോയിൽ കയറ്റി. തുടർന്ന് സ്കൂളിനടുത്തെത്തിയപ്പോൾ മർദിക്കുകയായിരുന്നു. ഏറെ ചെറുത്തുനിന്ന ശേഷം ഡ്രൈവറുടെ കൈയിൽ കടിച്ചപ്പോഴാണ് മർദനം നിർത്തിയതെന്ന് പരാതിയിൽ പറയുന്നു.
ലത്തീഫിന്റെ സഹോദരന് അബൂബക്കറിന്റെ പേരിലാണ് ഓട്ടോയുടെ രജിസ്ട്രേഷൻ. പ്രതിയുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി പോലീസ് ബന്ധപ്പെടുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടതോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കൈക്ക് കടിച്ച അടയാളം ഉള്ളതിനാൽ ലത്തീഫിനെ കണ്ടെത്തുന്നതിനായി ആലുവയിലെ സ്വകാര്യ ആശുപത്രികൾ, കളമശേരിയിലെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തിയെങ്കിലും സൂചനകൾ ലഭിച്ചിട്ടില്ല.