മുളങ്കുന്നത്തുകാവ്: പാവപ്പെട്ട രോഗികൾക്ക് ലഭിക്കേണ്ട വിലയേറിയ സൗജന്യ മരുന്നുകൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയില നീതി മെഡിക്കൽ ഷോപ്പിലും കാരുണ്യ ഫാർമസിയിലും കിട്ടാനില്ല. മരുന്നുകൾക്കായി രോഗികളും കൂട്ടിരിപ്പുകാരും നെട്ടോടമോടുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ കാരുണ്യ, ആർഎസ്ബിവൈ പ്രകാരം ലഭിക്കേണ്ട വിലപിടിപ്പുള്ള മരുന്നുകൾക്ക് വേണ്ടിയാണ് ഈ കഷ്ടപ്പാട് അനുഭവിക്കേണ്ടി വരുന്നത്. 500 രൂപയിൽ കൂടുതലുള്ള മരുന്നുകൾ ആശുപത്രിയിലെ നീതി മെഡിക്കൽ ഷോപ്പിലും കാരുണ്യ ഫാർമസിയിലും ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
സൗജന്യമായി ലഭിക്കേണ്ട മരുന്നുകൾ ഇല്ലെന്നുള്ള മറുപടിയാണ് രോഗികളും കൂട്ടിരിപ്പുകാരും സ്ഥിരം കേൾക്കുന്നത്. വിലയേറിയ മരുന്നുകൾ പുറത്തു നിന്നും വാങ്ങേണ്ടി വരുന്ന പാവപ്പെട്ടവർ മരുന്നുകൾ വാങ്ങാതിരിക്കുകയാണ്. നീതി മെഡിക്കൽ ഷോപ്പുകളിൽ നിന്നും സൗജന്യമായി ലഭിക്കേണ്ട മരുന്നുകൾ കിട്ടുന്നില്ലെന്ന് വന്നാൽ പുറമെ നിന്നും മരുന്നുകൾ ആശുപത്രി അധികൃതർ വാങ്ങി നൽകണമെന്നാണ് നിയമമെന്നും എന്നാലിത് ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും രോഗികൾ പറയുന്നു.
ജീവൻ നിലനിർത്താൻ വേണ്ട വിലകൂടിയ മരുന്നുകൾ പോലും നീതിയിൽ നിന്നും കാരുണ്യയിൽ നിന്നും കിട്ടാതെ ജീവൻ അപകടത്തിലാകുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസം 70കാരനായ ഗൃഹനാഥന് 900 രൂപ വിലയുള്ള അഞ്ച് ഇൻജക്ഷനുകൾക്ക് ഡോക്ടർമാർ കുറിച്ചു നൽകിയെങ്കിലും ഇത് വാങ്ങാനുള്ള സാന്പത്തിക ശേഷി നിർധനനായ ഗൃഹനാഥനുണ്ടായിരുന്നില്ല.
ബിപിഎൽ ലിസ്റ്റിൽ പെട്ട ഇവർ ആർഎസ്ബിവൈ പദ്ധതി പ്രകാരം മരുന്നു വാങ്ങാൻ ചെന്നപ്പോൾ മരുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. കൃത്യസമയത്ത് മരുന്നുവാങ്ങി നൽകാൻ കഴിയാത്തതു മൂലം രോഗി മരണമടയുകയും ചെയ്തു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് മറ്റു രോഗികൾ പറയുന്നു.
സൗജന്യമായി മരുന്നുകൾ നൽകുന്നുണ്ടെന്ന് സർക്കാർ പറയുന്നത് വിലക്കുറവുള്ള മരുന്നുകൾ മാത്രമാണ്. ഒരു നേരത്തെ ആഹാരം ഉപേക്ഷിച്ചാൽ വിലകുറഞ്ഞ മരുന്നുകൾ തങ്ങൾക്കു തന്നെ വാങ്ങാൻ കഴിയുമെന്നും വിലകൂടിയ മരുന്നുകളാണ് സൗജന്യമായി നൽകേണ്ടതെന്നും രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.