ഇരവിപേരൂർ: മെഡിക്കല്‍ ലാബുകളുടെ ചൂഷണത്തിനെതിരെയുള്ള ജനകീയ പ്രതിരോധമാണ് നീതി ക്ലിനിക്കല്‍ ലാബെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇരവിപേരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നീതി ക്ലിനിക്കല്‍ ലാബിന്റെ ഉദ്ഘാടനം ഇരവിപേരൂരില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം സഹകരണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യ മെഡിക്കല്‍ ലാബാണ്.
2016-17 വാര്‍ഷിക പദ്ധതിയില്‍ പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നീതി ലാബ് ആരംഭിച്ചത്. ഫ്രണ്ട് ഓഫീസ്, റിസപ്ഷന് റൂം, ലാബ്, എന്നിവയടങ്ങുന്നതാണ് പുതിയ ക്ലിനിക്കല്‍ ലാബ്. കംപ്യൂട്ടറൈസ്ഡ് എസി ലാബും ആധുനിക ഉപകരണങ്ങളും പത്ത് വര്‍ഷത്തിലധികം പരിചയവും യോഗ്യതയും ഉള്ള ജീവനക്കാരുടെ സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
എല്ലാവിധ ലബോറട്ടറി പരിശോധനകളും നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സ്വകാര്യ ലാബുകള്‍ ഈടാക്കുന്ന പരിശോധനാ ഫീസില്‍ നിന്ന് 40 ശതമാനം വരെ ഇളവു നല്കി കൃത്യമായ ഫലം മൊബൈല്‍ വഴി വേഗത്തില്‍ നല്‍കും. വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
കെ. അനന്തഗോപന്‍, പീലിപ്പോസ് തോമസ്, അനസൂയ ദേവി, എന്‍. രാജീവ്,കെ.സി. സജികുമാര്‍, ജോണ്‍ വര്‍ഗീസ്, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.പി. ഉദയഭാനു, പി.സി. സുരേഷ്കുമാര്‍, ജിജി ജോര്‍ജ്, സുനില്‍ മറ്റത്ത്, മുരളികൃഷ്ണന്, മോളി മാത്യു, ബാങ്ക് പ്രസിഡന്റ് ജി. അജയകുമാര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് ബെറ്റി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.