പയ്യന്നൂര്‍: കംപ്യൂട്ടറിലും രജിസ്റ്ററുകളിലും കൃത്രിമം നടത്തി അരക്കോടിയോളം രൂപ സംഘം ജീവനക്കാര്‍ ചേര്‍ന്ന് വെട്ടിപ്പ് നടത്തിയതിനെതിരെ പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസിന്റെ അന്വേഷണം പൂർത്തിയായി. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ അര്‍ബന്‍ സഹകരണ സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിലെ വെട്ടിപ്പിനെ സംബന്ധിച്ച പയ്യന്നൂര്‍ പോലീസിന്റെ അന്വേഷണമാണ് പൂര്‍ത്തിയായത്.
ഇതുവരെയുള്ള അന്വേഷണത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ സംഘം സെക്രട്ടറി പി. ജയരാജന്, ഫാര്‍മസിസ്റ്റുകളും ജീവനക്കാരുമായ സി.എ. മുരളീധരന്, ടി.എ. സന്തോഷ്, എന്‍. ഇ. ഹരികൃഷ്ണന്, എം.കെ. ബിജു, വി. രാജീവന് എന്നിവർക്ക പേരില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടനെയുണ്ടാകുമെന്ന് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എം.പി. ആസാദ് പറഞ്ഞു. സംഘം പ്രസിഡന്റിനെ പരാതിയില്‍ പരാമര്‍ശിച്ചിരുന്നെങ്കിലും ഇയാള്‍ കുറ്റക്കാരനല്ല എന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
അര്‍ബന്‍ സഹകരണ സംഘത്തിന് കീഴിലെ നീതി മെഡിക്കല്‍ സ്റ്റോറില്‍ മരുന്നുകള്‍ വാങ്ങാതെ കംപ്യൂട്ടറിലെ കണക്കുകളിലും സ്റ്റോക്ക് റജിസ്റ്ററിലും കൃത്രിമം കാണിച്ചുണ്ടാക്കിയ കണക്കുകള്‍ ഓഡിറ്റിംഗിനായി നല്‍കിയെന്നും ഇത്തരം വെട്ടിപ്പുകളിലൂടെ 48,69,870.72 രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി.സംഘത്തിലെ അംഗമായ കൊക്കാനിശ്ശേരിയിലെ പി.വി.കുട്ടികൃഷ്ണന്റെ പരാതിയിലാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവനുസരിച്ച് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
സംഘത്തിന്റെ ജീവനക്കാര്‍ ചേര്‍ന്ന് സംഘത്തിന് തയ്യാറാക്കി നല്കിയ സെയില്‍സ് ലയബിലിറ്റി റജിസ്റ്ററില്‍ 1,68,48,358 രൂപയുടെ മരുന്നുകള്‍ വാങ്ങിയതായും അതില്‍നിന്ന് 1,52,50,903 രൂപയുടെ മരുന്നുകള്‍ വില്പന നടത്തിയതായും 68,97,000 രൂപയുടെ മരുന്നുകള്‍ സ്റ്റോക്കുള്ളതായും രേഖപെടുത്തിയിരുന്നു.ഓഡിറ്റിങ്ങിനായി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ കംപ്യൂട്ടര്‍ തകരാറാണെന്ന് തെറ്റിദ്ധരിപ്പിച്ചതായും ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 30,52,507 രൂപയുടെ മരുന്നുകളുടെ കുറവ് സ്റ്റോക്കില്‍ കണ്ടെത്തിയെന്നും പരാതിയിലുണ്ടായിരുന്നു.
2015 ഏപ്രില്‍ 30, ജൂണ്‍ 30 എന്നീ ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തിയ ജൂണിയര്‍ ഓഡിറ്റര്‍മാരായ ഷൈന,സി.ലത എന്നിവര്‍ 48,69,870 രൂപയുടെ നഷ്ടമുള്ളതായി കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഈ ഓഡിറ്റ് റിപ്പോര്‍ട്ടിന്റേയും സഹകരണ വകുപ്പ് തയാറാക്കിയ ഈ സംഘത്തിന്റെ 2014-15 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്, മെമ്മോറാണ്ടം എന്നിവയുടെ കോപ്പികളും സഹിതമാണ് പരാതി നല്‍കിയിരുന്നത്.
കരിവെള്ളൂര്‍ സോഷ്യല്‍ വെല്ഫേര് കോപറേറ്റീവ് സൊസൈറ്റിയില്‍ മുക്കുപണ്ടം പണയപ്പെടുത്തി സംഘം സെക്രട്ടറി കോടികളുടെ തിരിമറി നടത്തിയ സംഭവം വിവാദമായിരുന്നു.ഈ കേസിന് പിന്നാലെയാണ് കണക്കുകളില്‍ കൃത്രിമം കാണിച്ച് അരക്കോടിയോളം രൂപ ജീവനക്കാര്‍ ചേര്‍ന്ന് തട്ടിയെടുത്ത സംഭവവും തുടര്‍ന്ന് പോലീസ് നടപടിയുണ്ടാകുന്നത്.