ഗാന്ധിനഗർ: ദീർനാളത്തെ ആസൂത്രണത്തിനൊടുവിലാണ് നീതു പ്രസവ വാർഡിൽനിന്നും കുഞ്ഞിനെ തട്ടിയെടുത്തത്. അറസ്റ്റിലാകുന്ന സമയത്ത് നീതുവിന്റെ ഹാൻഡ് ബാഗിൽ നിന്നും ഡോക്ടർമാർ ഉപയോഗിക്കുന്ന സ്റ്റെതസ്കോപും നവജാത ശിശുക്കൾക്കു നൽകുന്ന പോഷക ആഹാരങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി കുഞ്ഞിനെ തട്ടിയെടുക്കുന്നതിനായി പദ്ധതി തയാറാക്കി വരികയായിരുന്നു. ഇതിനായി നീതു പലപ്പോഴും കോട്ടയം മെഡിക്കൽ കോളജിൽ എത്തി കാര്യങ്ങൾ വീക്ഷിക്കുകയും പരിസരം നിരീക്ഷിച്ചു മടങ്ങുകയും ചെയ്തിരുന്നു.
സുഹൃത്തിനോട് പറഞ്ഞിരുന്ന പ്രസവ തീയതി അടുത്തതോടെ തുടർച്ചയായി മെഡിക്കൽ കോളജിൽ എത്തിതുടങ്ങി. ഇതിനായി കഴിഞ്ഞ നാലാം തീയതി മുതൽ നീതു മെഡിക്കൽ കോളജിനു സമീപത്തെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു വന്നു. കുഞ്ഞിനു സുഖമില്ലാത്തതിനാൽ ചികിത്സയ്ക്ക് എത്തിയതെന്നാണ് ഇവരോട് പറഞ്ഞിരുന്നത്.
നഴ്സിംഗ് കോട്ട് ധരിച്ചു കുട്ടിയുമായി ഇവർ ആശുപത്രി വരാന്തയിലുടെ പോകുന്നതു പലരും ശ്രദ്ധിച്ചിരുന്നു. പ്രസവ വാർഡിലെത്തിയ നീതു കുട്ടിക്കു മഞ്ഞ നിറമുണ്ടെന്നും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ കാണിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു കുട്ടിയെ ശ്രീജിത്തിന്റെ അമ്മ ഉഷയുടെ കൈയിൽനിന്നും കൊണ്ടുപോയത്.
ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ ഉഷയും അശ്വതിയും നഴ്സിംഗ്് സ്റ്റേഷനിലെത്തി കുട്ടിയെ തിരക്കി. നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്.
ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
കുഞ്ഞിനു പേര് നൽകി ‘അജയ’
ഗാന്ധിഗനർ: കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് പേര് നിർദേശിച്ചത് കുഞ്ഞിനെ വീണ്ടെടുത്ത് നൽകിയ എസ്ഐ റെനീഷ്.
അജയ എന്നാണ് പേര് നൽകിയിരിക്കുന്നത്. അമ്മയേയും കുഞ്ഞിനേയും ഇന്നു ഡിസ്ചാർജ് ചെയ്യും. ഇരുവരുടേയും ആരോഗ്യ നില തൃപ്തികരമാണ്.
റിമാൻഡ് ചെയ്തു
ഗാന്ധിനഗർ: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നീതു രാജിനെ ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
കോട്ടയത്തെ വനിതാ ജയിലിലാണ് ഇപ്പോൾ നീതു ഉള്ളത്. ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയിൽ ലഭിക്കുന്നതിന് അപേക്ഷ നൽകും. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
മെഡിക്കൽ കോളജിന് സമീപത്തെ കടയിൽ നിന്നാണ് ഡോക്ടറുടെ കോട്ട് വാങ്ങിയത്. ഈ കടയിലും ഹോട്ടലിലും എത്തിച്ചും തെളിവെടുക്കും.
ആശ തോമസ് ഇന്നെത്തും
കോട്ടയം: മെഡിക്കൽ കോളേജിലെ സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസ് ഇന്ന് ഉച്ചയ്ക്ക് 12ന് മെഡിക്കൽ കോളജിലെത്തും.