കോട്ടയം: മെഡിക്കൽ കോളജിൽ നിന്നും യുവതി തട്ടിയെടുത്ത നവജാത ശിശുവിനെ തിരിച്ചു കിട്ടിയതിൽ നിർണായകമായത് ടാക്സി ഡ്രൈവറുടെ ഇടപെടൽ.
തട്ടിയെടുത്ത കുഞ്ഞുമായി നഗരത്തിലെ ഹോട്ടലിൽ എത്തിയ യുവതി ഇവിടെ നിന്നും ടാക്സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടത്. ഇവർ ക്കൊപ്പം ഒരു ആണ്കുട്ടിയുമുണ്ടായിരുന്നു.
കുഞ്ഞുമായി ഹോട്ടലിൽ എത്തിയ യുവതി റിസപ്ഷനിലേക്ക് വിളിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകാൻ ടാക്സി വേണമെന്ന് ആവശ്യപ്പെട്ടു.
ഇതേ തുടർന്നു ഹോട്ടൽ ജീവനക്കാർ സമീപത്തെ ടാക്സി സ്റ്റാൻഡിൽനിന്നും അലക്സ് എന്നയാളുടെ ടാക്സി വിളിച്ചു വരുത്തി.
അമൃതയിലേക്കാണ് യാത്രയെന്നും ഒരുനവജാത ശിശുവിനെ കൊണ്ടു പോകാനാണെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞതോടെ കോട്ടയം മെഡിക്കൽ കോളജിൽ നിന്നും നവജാത ശിശുവിനെ കാണാതായിട്ടുണ്ടെന്ന വിവരം അലക്സ് ഇവരെ അറിയിച്ചു.
തുടർന്ന് അലക്സ് ഹോട്ടൽ മാനേജരെയും മാനേജർ പോലീസി നേയും വിവരം അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടൻ ഹോട്ടലിൽ എത്തിയ പോലീസ് സംഘം കുഞ്ഞിനെ വീണ്ടെടുക്കുകയും യുവതിയെ കസ്റ്റഡി യിലെടുക്കുകയും ചെയ്തു.