ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ പ്രസവ വാർഡിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊ ണ്ടു പോയ കേസിലെ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പ് പൂർത്തിയാക്കിയതോടെയാണ് വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്. കുഞ്ഞിനെ തട്ടിയെടുത്ത കളമശേരി സ്വദേശിനി നീതു രാജ് (30) നെ ഇന്നലെ മെഡിക്കൽ കോളജിലും പരിസരങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
കുഞ്ഞിനെ തട്ടിയെടുത്ത പ്രസവവാർഡ്, ഡോക്ടർമാരുടെ കോട്ടും സ്റ്റെതസ്കോപും വാങ്ങിയ കട, താമസിച്ച ഹോട്ടൽ, നവജാത ശിശുവിനു പോഷകാഹാരം വാങ്ങിയ കട എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
പ്രതി താമസിച്ചിരുന്ന ഹോട്ടലിലെ റിസപ്ഷനിസ്റ്റ്് മുന്പാകെ പ്രതിയെ എത്തിച്ചു ഇവർ തന്നെയാണോയെന്ന് ഉറപ്പ് വരുത്തി. തെളിവെടുപ്പ് പൂർണമായതിനാൽ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി പറഞ്ഞു.
കഴിഞ്ഞ ആറിന് കുമളി വണ്ടിപ്പെരിയാർ വലിയ തറയിൽ ശ്രീജിത് അശ്വതി ദന്പതികളുടെ രണ്ടു ദിവസം പ്രായമായ പെണ്കുഞ്ഞിനെയാണ് നീതു തട്ടിയെടുത്തത്. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ വീണ്ടെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.
പ്രതിയുടെ കാമുകൻ കളമശേരി എച്ച്എംടി കോളനിയിൽ വാഴയിൽ ഇബ്രാഹിം ബാദുഷയെ (30) തനിക്കു കുട്ടിയുണ്ടായി എന്നു വരുത്തി തീർക്കുന്നതിനാണ് നീതു നവജാത ശിശുവിനെ തട്ടിയെടുത്തത്.
കേസ് കളമശേരി പോലീസിന്
കോട്ടയം: കുഞ്ഞിനെ തട്ടിയെടുത്ത കേസിലെ പ്രതി നീതു രാജിന്റെ എട്ടു വയസുകാരൻ മകനെ മർദിച്ച കേസിലും വഞ്ചനാ കുറ്റത്തിനും റിമാൻഡിൽ കഴിയുന്ന ബാദുഷ (30) യുടെ കേസ് കളമശേരി പോലീസിനു കൈമാറി. കളമശേരി പോലീസ് സറ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നിരിക്കുന്നത്.
കുഞ്ഞിനെ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും ഇനി കളമശേരി പോലീസ് അന്വേഷണം നടത്തും.