കോട്ടയം: ലക്ഷങ്ങളുടെ സമ്മാനങ്ങൾ നൽകിയിട്ടും കാമുകൻ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന ഭയമാണ് നീതു ഗർഭിണിയാണെന്ന കഥയുണ്ടാക്കിയതും മെഡിക്കൽ കോളജിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും കാരണം.
പലപ്പോഴായി സ്വർണവും 30 ലക്ഷം രൂപയുമാണ് കാമുകൻ ഇബ്രാഹിമിനു നൽകിയതെന്നാണ് നീതു പോലീസിനു നൽകിയ മൊഴി.
നീതു വിവാഹിതയും എട്ടു വയസുള്ള ആണ്‍കുട്ടിയുടെ അമ്മയുമാണ്. ഭർത്താവ് തിരുവല്ല കൂറ്റൂർ സ്വദേശി സുധീഷ് തുർക്കിയിലെ എണ്ണക്കന്പനിയിലാണ് ജോലി ചെയ്യുന്നത്. കളമശേരിയിൽ വാടക വീട്ടിൽ താമസിച്ചു വരുകയായിരുന്നു ഈ കുടുംബം.
സുധീഷ് എല്ലാ മാസവും വീട്ടിലെത്താറുമുണ്ട്. ഇതിനിടയിൽ ടിക് ടോക് വഴിയാണ് ഇബ്രാഹിം ബാദുഷ എന്ന 28 കാരനുമായി പരിചയപ്പെടുന്നത്.
പരിചയം പ്രണയത്തിനു വഴിമാറി. പിന്നീട് ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലെ ജോലിക്കാരിയായി നീതു.
ഇതിനിടെ നീതു ഗർഭിണിയായി. കാമുകന്റെ നിർദ്ദേശപ്രകാരം ഗർഭം അലസിപ്പിച്ചു. പിന്നീട് ഇബ്രാഹിം ബാദുഷയുമായി ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങി.
ഇതിനിടയിൽ നീതുവിൽ നിന്നും പലപ്പോഴായി ലക്ഷങ്ങൾ ഇബ്രാഹിം ബാദുഷ കൈക്കലാക്കിയിരുന്നു. നീതു രണ്ടാമതും ഗർഭിണിയായി.
ഇക്കാര്യം ഇബ്രാഹിം ബാദുഷയ്ക്കും അറിയാമായിരുന്നു. ഇയാൾ അറിയാതെ നീതു ഗർഭം അലസിപ്പിച്ചെങ്കിലും വിവരം ബാദുഷയെ അറിയിച്ചിരുന്നില്ല.
ഇതിനിടയിൽ ബാദുഷയുടെ വിവാഹം ഉറപ്പിച്ചു. വിവരം അറിഞ്ഞ നീതു തന്നെ വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാദുഷ തയാറായില്ല.
തുടർന്ന് താൻ ഗർഭിണിയാണെന്നും കോട്ടയം മെഡിക്കൽ കോളജിൽ പ്രസവ ചികിത്സിയിലാണെന്നും നീതു പറഞ്ഞു.
പിന്നീട് മെഡിക്കൽ കോളജിലെത്തി ഒരു കുട്ടിയെ തട്ടിയെടുക്കുവാനുള്ള പദ്ധതി ആലോചിക്കുകയായിരുന്നു. അങ്ങനെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നീതു എത്തുന്നത്.
കഴിഞ്ഞ നാലു മുതൽ ഇവർ മെഡിക്കൽ കോളേജിനു സമീപമുള്ള ഹോട്ടലിൽ മുറിയെടുത്തു താമസിച്ചു വരികയായിരുന്നു. കൂടെ സ്വന്തം മകനും ഉണ്ടായിരുന്നു.
ആറിന് ഉച്ചകഴിഞ്ഞ് 3.30ന് ഗൈനക്കോളജിയിൽ എത്തി നവജാത ശിശുവിനെ തട്ടിയെടുത്ത് താൻ താമസിച്ച മുറിയിൽ എത്തിയ ശേഷം താൻ ഒരു പെണ്‍കുട്ടിക്ക് ജന്മം നൽകിയെന്ന് പറഞ്ഞ് തട്ടിയെടുത്ത കുഞ്ഞിന്റെ ഫോട്ടോ ബാദുഷായ്ക്കും സഹോദരിക്കും വാട്ട്സ് ആപ്പിലൂടെ അയച്ചു കൊടുത്തു.
തന്നിൽ നിന്നു വാങ്ങിയ 30 ലക്ഷം രൂപയും സ്വർണാഭരണവും വാങ്ങുന്നതിനും ബാദുഷയുടെ കുട്ടിയാണെന്ന് പറഞ്ഞാൽ അയാൾ തന്നെ വിവാഹം കഴിക്കുമെന്നുള്ള വിശ്വാസമാണ് നവജാത ശിശുവിനെ തട്ടിയെടുക്കുവാൻ കാരണമെന്നാണ് നീതു പറയുന്നത്.