കാമുകിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് പോലീസ്. നീതുവിന്റെ ഫോണ്‍ പരിശോധിച്ചതിന് ശേഷമാണ് നിതീഷ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി മുതലാണ് നിതീഷിന് പെണ്‍കുട്ടിയുടെ മേല്‍ സംശയം ഉടലെടുത്തത്. നീതുവിന് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കിടുകയും ചെയ്തു.
ഇതേക്കുറിച്ച് തുറന്നു സംസാരിക്കണമെന്ന് നിതീഷ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് നീതു സമ്മതിക്കുകയാണെങ്കില്‍ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു ഇയാളുടെ തീരുമാനം. ഇതിനായി ഓണ്‍ലൈന്‍ വഴി വാങ്ങിയ മൂര്‍ച്ചയുള്ള കത്തിയും ഒരു കുപ്പിയില്‍ പെട്രോളും മറ്റൊരു കുപ്പിയില്‍ വിഷവും കരുതിയാണ് നിതീഷ് കഴിഞ്ഞ ദിവസം വെളുപ്പിന് നീതുവിന്റെ വീട്ടിലെത്തിയത്.
രാവിലെ നാലരയോടെ തന്നെ ഇയാള്‍ വീടിന്റെ പരിസരത്തെത്തിയിരുന്നെങ്കിലും അടുക്കള വാതില്‍ തുറക്കുന്നതും കാത്ത് 2 മണിക്കൂറോളം പുറത്തു ചെലവഴിച്ചു. ബൈക്ക് വീടിനു മുന്‍ഭാഗത്തു പാര്‍ക്ക് ചെയ്യുന്നതിനു പകരം സമീപത്തെ ഇടറോഡിലാണു വച്ചത്. ചെരിപ്പ് ബൈക്കിനു താഴെ ഊരിയിട്ടിരുന്നു. ബാഗില്‍ 2 കുപ്പിയില്‍ പെട്രോള്‍ നിറച്ചു സൂക്ഷിച്ചിരുന്നു.
ഉപയോഗിച്ചു പഴകാത്ത വിലയേറിയ കത്തിയും ബാഗിനുള്ളിലുണ്ടായിരുന്നു. ഒരു ജോടി കയ്യുറയും കരുതി. വീട്ടിലേക്കു നേരിട്ടു കടക്കുന്നതിനു പകരം സമീപത്തു താമസിക്കുന്ന നീതുവിന്റെ അമ്മാവന് വാസുദേവന്റെ വളപ്പിലൂടെ കടന്ന് നീതുവിന്റെ വീടിന്റെ പിന്നിലെത്തുകയായിരുന്നു.
ആറരയോടെ അടുക്കളവാതില്‍ കടന്ന് ഉള്ളിലെത്തി. കത്തികൊണ്ടു പല വട്ടം കുത്തിയെങ്കിലും അഞ്ചിടത്താണ് സാമാന്യം ആഴത്തിലുള്ള മുറിവുകളുണ്ടായത്. കഴുത്തിലേറ്റ മുറിവിനു സാമാന്യം ആഴമുണ്ടെങ്കിലും മരണകാരണമായേക്കാവുന്ന തരത്തിലുള്ള മുറിവുകളൊന്നുമില്ല. കുത്തേറ്റു വീണപ്പോഴാണ് നീതുവിനു മേല്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്.