ഗാന്ധിനഗർ: ദീർഘനാളത്തെ ആസൂത്രണത്തിനൊടുവിലാണ് നീതു പ്രസവ വാർഡിൽനിന്നും കുഞ്ഞിനെ തട്ടിയെടുത്തത്.
അറസ്റ്റിലാകുന്ന സമയത്ത് നീതുവിന്റെ ഹാൻഡ് ബാഗിൽനിന്നും ഡോക്ടർമാർ ഉപയോഗിക്കുന്ന സ്റ്റെതസ്കോപും നവജാത ശിശുക്കൾക്കു നൽകുന്ന പോഷക ആഹാരവും പോലീസ് കണ്ടെത്തിയിരുന്നു.
പോലീസ് ഹോട്ടലിൽ എത്തുന്പോൾ ശിശുവിനെ കടത്തിക്കൊണ്ടു പോകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു നീതു.
കൃത്യമായ ആസൂത്രണവും മുന്നൊരുക്കവും നീതു നടത്തിയിരുന്നതായാണു വിവരം. കഴിഞ്ഞ ഏതാനും മാസങ്ങളായി പദ്ധതി തയാറാക്കിയിരുന്നു.
ഇതിനായി നീതു പലപ്പോഴും കോട്ടയം മെഡിക്കൽ കോളജിൽ എത്തി കാര്യങ്ങൾ വീക്ഷിച്ചിരുന്നു.
പിന്നീടാണു കൃത്യം നിർവഹിക്കുന്നതിനായി നാലിന് മെഡിക്കൽ കോളജിലെത്തുകയും ഹോട്ടലിൽ മുറിയെടുത്ത് താമസം തുടങ്ങിയതും.
ഈ സമയങ്ങളിൽ മെഡിക്കൽ കോളജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ സന്ദർശനം നടത്തിയിരുന്നു.
അതിനായി സമീപത്തുള്ള കടയിൽനിന്നും ഡോക്ടർമാർ ധരിക്കുന്ന കോട്ടും വിലയ്ക്കു വാങ്ങി. കോട്ട് ധരിച്ച് എത്തിയതിനാൽ സുരക്ഷാ ജീവനക്കാരുടെ തടസമില്ലാതെ വിവിധയിടങ്ങളിൽ വിലസി.
ഡെന്റൽ കോളജിലെത്തിയ നീതുവിനെ ആശുപത്രി ജീവനക്കാർ ചോദ്യം ചെയ്ത് താക്കീത് നൽകി വിട്ടയച്ച സംഭവവും കൃത്യം നടക്കുന്നതിനു ദിവസങ്ങൾക്കു മുന്പാണ് നടന്നത്.