ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ കേസിൽ നടപടികളുമായി ആശുപത്രി അധികൃതർ.
മെഡിക്കൽ കോളജിൽ സുരക്ഷാ വീഴ്ച സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ ഒരു സെക്യൂരിറ്റി ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു.
ഡെപ്യൂട്ടി സൂപ്രണ്ട് ആർ. രതീഷ് കുമാറാണ് ജീവനക്കാരിക്കെതിരെ നടപടിയെടുത്തത്. സിസിടിവി ദൃശ്യത്തിൽ ഡ്യൂട്ടി സമയത്ത് സെക്യൂരിറ്റി ജീവനക്കാരി മാറിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇതാണ് നടപടിക്കു കാരണമായത്.
ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ ഉത്തരവ് പ്രകാരം ആർഎംഒ ഡോ. ആർ.പി. രഞ്ജിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ്, നഴ്സിംഗ് ഓഫീസർ സുജാത എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തിയത്.
ഇതിനെ തുടർന്ന് ഡ്യൂട്ടിയിലെത്തുന്ന മുഴുവൻ ജീവനക്കാരെ നിർബന്ധമായും തിരിച്ചറിയിൽ കാർഡ് പരിശോധിച്ചശേഷമേ പ്രവേശിപ്പിക്കാൻ അനുവദിക്കാവൂവെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിവിധ രാഷ്ടീയ പ്രവർത്തകർ, ഒൗദ്യോഗിക ആവശ്യത്തിനല്ലാതെയുള്ള പോലീസ് സന്ദർശനം, കച്ചവടക്കാർ എന്നിവരുടെ സന്ദർശനങ്ങൾക്കും നിയന്ത്രങ്ങൾ ഏർപ്പെടുത്തുവാൻ തീരുമാനിച്ചു.
ഗൈനക്കോളജിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ, രോഗികളും കൂട്ടിരിപ്പുകാരും അംഗീകരിക്കുവാൻ തയാറാകാത്ത സംഭവങ്ങളും നിരവധിയാണെന്ന് അധികൃതർ പറയുന്നു.
ഓവർ കോട്ട് ധരിച്ചെത്തുന്നവർ ഡോക്ടർമാരെന്ന ധാരണയിലാണ് കടത്തിവിടുന്നതെന്നും ഇനി മുതൽ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.