കൊല്ലം :നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാകും. ഇത് സംബന്ധിച്ച് നിയമോപദേശം പോലീസ് തേടിവരികയാണ്.
പരീക്ഷാ നടത്തിയ ഏജൻസി, കോ-ഓർഡിനേറ്റർ എന്നിവരുമായി ബന്ധപ്പെട്ടാണ് കൂടുതൽ അറസ്റ്റ് ഉണ്ടാകുന്നതെന്നും സൂചനയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ശുചീകരണ തൊഴിലാളികൾ ഉൾപ്പടെ അഞ്ചു സ്ത്രീകളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആയൂർസ്വദേശിനികളായ എസ്.മറിയാമ്മ, ഗീതു, ജോത്സന ജോബി, ബീന, കെ.മറിയാമ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
റിമാർഡിലായവർ പറയുന്നത്
ജീവനക്കാരുടെ നിർദേശപ്രകാരം വസ്ത്രം മാറാനുള്ള മുറി കാണിച്ചുകൊടുക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് റിമാൻഡിലായ ഇവർ മാധ്യമങ്ങളോട് പറഞ്ഞു.
അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇവർക്ക് നിർദേശം നൽകിയവരെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.
അടിവസ്ത്രം അഴിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ നാല് വിദ്യാർഥിനികൾ കൂടി പോലീസിൽ പരാത ിനൽകിയിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ഏജൻസിക്കെതിരെയാണ് പൊതുവേ പരാതി ഉയർന്നിട്ടുള്ളത്.
ഇന്നലെ റേഞ്ച് ഡിഐജി ആർ .നിശാന്തിനിയുടെ നേതൃത്വത്തിൽ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. വിദ്യാർഥിനികളെ പരിശോധിച്ച സ്ഥലവും പരീക്ഷാഹാളും കണ്ടു.
വിദ്യാർഥിനികളെ അപമാനിച്ച സംഭവത്തിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഇന്നും കോളജിലേക്ക് മാർച്ച ്ഉൾപ്പടെയുള്ള പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ കെഎസ് യു പ്രവർത്തകർ കോളജിനുനേരെ കല്ലേറ് നടത്തി. എസ്എഫ്ഐ പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
പോലീസ് അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചിട്ടുണ്ട്.
സംഭവത്തിൽ നീതിയുക്തമായ അന്വേഷണം ഉറപ്പുവരുത്തണമെന്ന് ദേശീയ വനിതാ കമ്മീഷനും ഉന്നത പോലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്.